
കണ്ണൂർ: കണ്ണൂരിലെ ജനകീയ നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രൻ അന്തരിച്ചു. ഇന്നലെ വരെ പൊതുരംഗത്ത് സജീവമായിരുന്ന സുരേന്ദ്രന് ഇന്ന് വൈകിട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ നേതാവായി വളർന്ന സുരേന്ദ്രൻ കണ്ണൂർ ഡിസിസി അധ്യക്ഷ പദവിയും നേരത്തെ വഹിച്ചിരുന്നു.
ഇന്നലെവരെ കൂടെയുണ്ടായിരുന്ന ആൾ പൊടുന്നനെ പോയതിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതാക്കളും അണികളും. തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലി തുടങ്ങിയ സുരേന്ദ്രൻ തൊഴിലാളി നേതാവായി വളർന്നു. കെ കരുണാകരനായിരുന്നു ഗുരു. രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സംഘടനാ രംഗത്ത് സജീവമായ സുരേന്ദ്രൻ ഐഎൻടിസിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി.
സതീശൻ പാച്ചേനിക്ക് മുമ്പ് കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിച്ച സുരേന്ദ്രൻ ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും പ്രസംഗിച്ച് ആളുകളുടെ കൈയ്യടി നേടി. സൗമ്യനായി പെരുമാറിയിരുന്ന സുരേന്ദ്രന്റെ വിയോഗത്തിൽ രാഷ്ട്രീയ ഭേതമന്യേ നേതാക്കൾ അനുശോചനം അറിയിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam