ജോസ് വിഭാഗത്തിൻ്റെ എൽഡിഎഫ് പ്രവേശനം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടാകുമെന്ന് സൂചന

By Web TeamFirst Published Sep 9, 2020, 6:49 AM IST
Highlights

പതിനെട്ടിനു നടക്കുന്ന എൽഡിഎഫ് യോഗം കേരള കോണഗ്രസിന്‍റെ മുന്നണി പ്രവേശം ചർച്ച ചെയ്യുമെന്നാണറിയുന്നത്. ഇതോടൊപ്പം സിപിഐ സംസ്ഥാന കൗൺസിലും വിഷയം ചർച്ച ചെയ്യും. ധാരണയായാൽ രണ്ടാഴ്ചക്കുള്ളിൽ ഇടതുമുന്നണിയിലെത്താമെന്നാണ് ജോസിന്‍റെ കണക്കു കൂട്ടൽ.

തിരുവനന്തപുരം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ എൽഡിഎഫിലേക്കുള്ള പ്രവേശനം ഇടതു മുന്നണി യോഗത്തിനു ശേഷമുണ്ടായേക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതു മുന്നണിയിൽ എത്തുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

അണികൾക്കിടയിൽ കെ എം മാണി വികാരം ആളിക്കത്തിച്ച് യുഡിഎഫിനെതിരെ തിരിക്കാനാണ് കേരള കോൺഗ്രസിന്‍റെ ആദ്യത്തെ നീക്കം. ഇതിന്‍റെ ഭാഗമായാണ് നാൽപ്പതു വർഷം ഒപ്പം നിന്ന യുഡിഎഫ് പുറന്തള്ളിയത് കെ എം മാണിയുടെ രാഷ്ട്രീയത്തെയാണെന്നുള്ള ജോസ് കെ മാണിയുടെ പ്രസ്താവന. തദ്ദേശ ഭരണ സഥാപനങ്ങളിൽ ഉൾപ്പെടെ യുഡിഎഫിൽ ഉണ്ടാക്കിയിട്ടുള്ള എല്ലാ ധാരണകളും പാലിച്ചിട്ടും പുറത്താക്കി. സ്വയം പുറത്തു പോയി എന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു. അതിനാൽ യുഡിഎഫിന് തിരിച്ചടി നൽകാൻ ഇടതു മുന്നണിയുമായി സഹകരിക്കണമെന്നുള്ള നിർദ്ദേശം താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. 

സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പതിനെട്ടിനു നടക്കുന്ന എൽഡിഎഫ് യോഗം കേരള കോണഗ്രസിന്‍റെ മുന്നണി പ്രവേശം ചർച്ച ചെയ്യുമെന്നാണറിയുന്നത്. ഇതോടൊപ്പം സിപിഐ സംസ്ഥാന കൗൺസിലും വിഷയം ചർച്ച ചെയ്യും. ധാരണയായാൽ രണ്ടാഴ്ചക്കുള്ളിൽ ഇടതുമുന്നണിയിലെത്താമെന്നാണ് ജോസിന്‍റെ കണക്കു കൂട്ടൽ. ഇതിനായുള്ള ചർച്ചകൾ ജോസ് കെ മാണി നേരിട്ടും അല്ലാതെയും നടത്തുന്നുണ്ട്. അടുത്തു വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകൾ സംബന്ധിച്ച് പ്രാദേശികമായി പലയിടത്തും ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കേരള കോൺഗ്രസിനെ ഒപ്പം കൂട്ടിയാൽ വിജയിക്കാൻ കഴിയുന്ന വാർഡുകളുടെ കണക്കെടുപ്പ് ഇടതു മുന്നണിയും തുടങ്ങിയിട്ടുണ്ട്.

click me!