കേരളാകോൺഗ്രസ് തര്‍ക്കം: രാജിയില്ല, നിലപാടില്‍ ഉറച്ചു തന്നെയെന്ന് സ്റ്റീഫൻ ജോർജ്

By Web TeamFirst Published Jun 27, 2020, 12:03 PM IST
Highlights

കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട യുഡിഎഫ് നിര്‍ദ്ദേശം പാലിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോൺഗ്രസിന്‍റെ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നു.

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജിവയ്ക്കുമെന്ന വാര്‍ത്തകൾ അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ഇക്കാര്യത്തില്‍ പാര്‍ട്ടി എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്നും സ്റ്റീഫൻ ജോർജ് പ്രതികരിച്ചു. 

അതേസമയം കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് വിഭാഗം അയയുകയാണ്. രാജി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ് ജോസ് കെ മാണി വിഭാഗം നിലപാടില്‍ നിന്നും പിന്നോട്ട് പോകുന്നത്. ഇതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ രാജിക്ക് സാധ്യതയൊരുങ്ങുകയാണ്. 
 
കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട യുഡിഎഫ് നിര്‍ദ്ദേശം പാലിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കോൺഗ്രസിന്‍റെ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നു. രാജി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും ജോസ് വിഭാഗത്തിന്‍റെ മറ്റ്  ആവശ്യങ്ങള്‍ രാജിക്ക്  ശേഷം പരിഗണിക്കാമെന്നും കോണ്ഡ‍ഗ്രസ് നിലപാട് കടുപ്പിച്ചു. ഇതോടെയാണ് ജോസ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന്  ഒരാഴ്ച മുമ്പ് യുഡിഎഫ് നിര്‍ദ്ദേശിച്ചിട്ടും  നടപ്പാകാത്തതിന്‍റെ അതൃപ്തിയിലാണ് കോൺഗ്രസ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ ജോസ്, ജോസഫ്  ഭാഗങ്ങളുടെ സീറ്റടക്കം  ധാരണയായിട്ടു രാജിവെക്കാം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. കോണ്‍ഗ്രസാകട്ടെ ഇത് അംഗീകരിക്കുന്നില്ല, ആദ്യം രാജി ചര്‍ച്ചകള്‍ പിന്നീട് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സമ്മര്‍ദ്ദം കടുക്കുന്നതോടെ യുഡിഎഫ് തീരുമാനം അംഗീകരിക്കുകയാണ് ജോസ് കെ മാണിക്ക് മുമ്പിലുള്ള പോംവഴി. അല്ലെങ്കില്‍ മുന്നണി വിടണം.  യുഡിഎഫില്‍ നിന്ന് വിലപേശി വരുന്നവരെ സ്വീകരിക്കില്ലെന്ന് സിപിഐ പരസ്യമായി  പറഞ്ഞതും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗവും ഇന്ന് യോഗം ചേരുന്നുണ്ട്.

click me!