കേരളാ കോൺഗ്രസ് തർക്കം; ജോസഫിൽ അവിശ്വാസം രേഖപ്പെടുത്താന്‍ ഒരുങ്ങി ജോസ് കെ മാണി വിഭാഗം

By Web TeamFirst Published Jun 15, 2019, 9:44 AM IST
Highlights

സംസ്ഥാന കമ്മിറ്റി വിളിക്കാൻ പി ജെ ജോസഫ് തയ്യാറാകാത്ത സാഹചര്യത്തിൽ സമാന്തര നീക്കത്തിന് ഒരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. അതേസമയം, പിന്തുണ ഉറപ്പാക്കാൻ പി ജെ ജോസഫ് മലബാർ മേഖലയിലെ പ്രവർത്തകരുടെ യോഗം വിളിക്കും.

കോട്ടയം: ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള കേരളാ കോൺഗ്രസ്(എം) ലെ തര്‍ക്കം തുടരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ പി ജെ ജോസഫ് തയ്യാറാകാത്ത സാഹചര്യത്തിൽ സമാന്തര നീക്കത്തിന് ഒരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പ് വീണ്ടും ശേഖരിക്കാനാണ് തീരുമാനം. അതേസമയം, പിന്തുണ ഉറപ്പാക്കാൻ പി ജെ ജോസഫ് മലബാർ മേഖലയിലെ പ്രവർത്തകരുടെ യോഗം വിളിക്കും.

ജോസഫിന്‍റെ ഒത്ത് തീർപ്പ് ഫോർമുല തള്ളിയ ജോസ് കെ മാണി വിഭാഗം അടുത്ത നീക്കത്തിന് തയ്യാറെടുക്കുകയാണ്. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങൾ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം പിജെ ജോസഫിന് നൽകിയിരുന്നു. ഇതിന് മറുപടിയില്ലാത്തതിനാലാണ് ബദൽ നീക്കം ആരംഭിച്ചത്.

സംസ്ഥാന കമ്മിറ്റിയിലെ മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ കമ്മിറ്റി വിളിക്കണമെന്നാണ് ചട്ടം. ഇതിനായി വീണ്ടും ഒപ്പ് ശേഖരണം നടത്തി രജിസ്റ്റേർഡ് കത്തുകൾ പി ജെ ജോസഫിന് അയക്കും. എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും രേഖാമൂലം ഇക്കാര്യം അറിയിക്കും. ജോസഫിൽ നിന്ന് മറുപടിയില്ലായെങ്കിൽ 15 ദിവസത്തിന് ശേഷം ജോസ് കെ.മാണിയെ അനുകൂലിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒത്തുചേരും. 

തുടർന്ന്, പി ജെ ജോസഫിൽ അവിശ്വാസം രേഖപ്പെടുത്തി പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനാണ് ആലോചന. പാർട്ടി ഭരണഘടന അനുസരിച്ച് ഇത് നില നിൽക്കുമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഈ നീക്കത്തിലൂടെ പിജെ ജോസഫിനെ സമ്മർദ്ദത്തിലാക്കാമെന്നാണ് ജോസ് കെ മാണിയുടെ കണക്ക് കൂട്ടൽ. എന്നാൽ, ചെയർമാന്റെ അധികാരം കയ്യിലിരിക്കെ ഇത്തരത്തിലൊരു നീക്കം ഉണ്ടായാൽ അതിനെ പാർട്ടി വിരുദ്ധ പ്രവർത്തനമായി കണ്ട് അച്ചടക്ക നടപടിയെടുക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്.

അതിനിടെ മലബാർ മേഖലയിലെ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ പിജെ ജോസഫ് പ്രത്യേക യോഗം ഇന്ന് വിളിച്ചിട്ടുണ്ട്, ഉടൻ തന്നെ ഉന്നതാധികാര സമിതി വിളിച്ചു ചേർക്കാനാണ് പി ജെ ജോസഫിന്‍റെ നീക്കം. 29 അംഗ സമിതിയിൽ ഭൂരിപക്ഷം ഉണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ അവകാശ വാദം. ഇരു വിഭാഗവും വിട്ടു വീഴ്ചക്ക് തയ്യാറാകാത്തതോടെ മധ്യസ്ഥ ചർച്ചകളും വഴി മുട്ടി നിൽക്കുകയാണ്.

click me!