ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം മാണി ഗ്രൂപ്പിന്; ഐഎന്‍എല്ലിൽ പ്രതിഷേധം, വില പേശലിനില്ലെന്ന് അഹമ്മദ് ദേവർകോവിൽ

By Web TeamFirst Published Nov 7, 2021, 10:54 AM IST
Highlights

ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് പുതിയതായി മുന്നണിയിലേക്ക് എത്തിയ കേരളാ കോൺഗ്രസ് എം വിഭാഗത്തിന് നൽകുന്നത്.

തിരുവനന്തപുരം: എൽഡിഎഫിലെ (ldf) ബോർഡ്‌ കോർപ്പറേഷൻ പദവികളുടെ വിഭജനത്തിൽ ഐഎൻഎല്ലിന്(inl) തിരിച്ചടി. ന്യൂനപക്ഷ കോര്‍പ്പറേഷന്‍ (kerala minority corporation board) ഭരണം മാണി ഗ്രൂപ്പിന് നൽകാൻ എൽഡിഎഫിൽ ധാരണയായി. ഐഎൻഎല്ലിന്റെ കൈവശമുണ്ടായിരുന്ന ന്യുനപക്ഷ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് പുതിയതായി മുന്നണിയിലേക്ക് എത്തിയ കേരളാ കോൺഗ്രസ് എം വിഭാഗത്തിന് നൽകുന്നത്. ഇതടക്കം അഞ്ച് കോർപ്പറേഷൻ ബോർഡുകളാണ് കേരളാ കോൺഗ്രസിന് ലഭിക്കുന്നത്. 

ന്യൂനപക്ഷ സ്കോളർഷിപ്പ് 80-20 അനുപാതവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ വിഭാഗത്തിനെ പ്രതിനിധാനം ചെയ്യുന്ന മാണി ഗ്രൂപ്പിന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ നൽകിയതെന്നാണ് വിവരം. ന്യൂനപക്ഷങ്ങളിലെ രണ്ടാമത്തെ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയർമാൻ സ്ഥാനം നൽകിയ തീരുമാനത്തിനെതിരെ മുസ്ലിം വിഭാഗത്തിന് എതിർപ്പുണ്ട്. ഐഎൻഎൽ എതിർപ്പ് മുന്നണിയെ അറിയിച്ചതായാണ് വിവരം. 

അതേ സമയം ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ഭരണം കേരള കോൺഗ്രസ് എമ്മിന് നൽകിയതിൽ പരാതിയും എതിർപ്പുമില്ലെന്നാണ് വാർത്ത പുറത്ത് വന്നതോടെ ഐഎൻഎൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഐഎൻഎല്ലിൽ തർക്കമില്ലെന്നും മുന്നണിയിൽ കൂടുതൽ പാർട്ടികൾ വരുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

''ഐഎൻ എൽ മുന്നണിക്ക് പുറത്തു നിൽക്കുമ്പോഴാണ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എൽഡിഎഫ് നൽകിയത്. അതിന് ശേഷം മുന്നണിയുടെ ഭാഗമായപ്പോൾ മന്ത്രിസ്ഥാനം തന്നെ നൽകാൻ ഇടത് മുന്നണി തയ്യാറായി. കോർപ്പറേഷൻ പദവിയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്നും വിലപേശൽ ഐഎൻഎൽ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണനെ കണ്ട് പ്രതിഷേധം അറിയിച്ചെന്ന വാർത്തകളിൽ യാഥാർത്ഥ്യമില്ലെന്ന് അറിയിച്ച അദ്ദേഹം, ചില ആവശ്യങ്ങൾക്ക് വേണ്ടി കോടിയേരിയെ കണ്ടുവെന്നും ചിലതെല്ലാം ഉന്നയിച്ചുവെന്നും വിശദീകരിച്ചു.  

click me!