
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാൻ പൊലീസ് കൂടുതൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു. തമിഴ്നാട് - കർണാടക സംസ്ഥാനങ്ങൾക്ക് പുറമെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മറ്റു സംസ്ഥാനങ്ങളുടെ കൂടി സഹായം തേടാനാണ് പൊലീസ് തീരുമാനം. 2015 ല്‍ മാവോയിസ്റ്റുകൾ വനം വകുപ്പ് ഔട്ട്പോസ്റ്റ് കത്തിച്ചതിന്‍റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ മണിവാസകം ഒഴിച്ച് മറ്റു മൂന്നു പേരെയും കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. മറ്റു മൂന്നു പേർ രമ, അരവിന്ദ്, കാർത്തി എന്നിവരാണ് എന്നതായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതിൽ രമയെ തിരഞ്ഞ് ബന്ധുക്കൾ ആരും എത്തിയിട്ടില്ല. കൊല്ലപ്പെട്ടത് മാവോയിസ്റ്റ് പ്രവർത്തക ശോഭ ആണോയെന്നറിയാൻ ശോഭയുടെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജിലെത്തിയിരുന്നു.
എന്നാൽ മരിച്ചത് ശോഭയല്ലെന്നറിഞ്ഞതോടെ ഇവർ മടങ്ങി. ഇതോടെയാണ് കർണാടക - തമിഴ്നാട് സംസ്ഥാനങ്ങൾക്ക് പുറമെ മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങൾകൂടി പൊലീസ് വിവരം നൽകിയത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുളള ശാസ്ത്രീയ പരിശോധനകളും നടത്തും.
അതേ സമയം മാവോയിസ്റ്റുകൾ അട്ടപ്പാടി വനത്തിൽ 2015 ല്‍ നടത്തിയ അക്രമങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. തുടുക്കി, ആനവായി മേഖലകളിലെ വനം വകുപ്പ് ഔട്ട് പോസ്റ്റ് മാവോയിസ്റ്റുകൾ കത്തിയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഏറ്റുമുട്ടലിൽ
പൊലീസ് കണ്ടെടുത്ത മാവോയിസ്റ്റുകളുടെ ലാപ്ടോപിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ കിട്ടിയത്. രമയും, സോമനും അടന്നങുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ആണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ആരോപണം തുടരുന്ന സാഹചര്യത്തിൽ അക്രമങ്ങളുടെ കൂടുതൽ ദ്യശ്യങ്ങൾ പൊലീസ് പുറത്ത് വിടാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam