രാജ്യത്താദ്യമായി കള്ളൻമാരെ പിടിക്കാൻ അത്യാധുനിക സംവിധാനവുമായി കേരള പൊലീസ്

By Web TeamFirst Published Nov 5, 2019, 12:56 AM IST
Highlights

വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ, വീടുകൾ എന്നിവിടങ്ങളിൽ മോഷ്ടാക്കളോ അക്രമികളോ അതിക്രമിച്ച് കയറിയാൽ  പോലീസ് കൺട്രോൾ റൂമിൽ ജാഗ്രതാ നിർദ്ദേശം നൽകുന്ന സംവിധാനമാണിത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും വീടുകൾക്കും സുരക്ഷയൊരുക്കാൻ കേരള പോലീസ് പുതിയ നിരീക്ഷണ സംവിധാനം കൊണ്ടുവരുന്നു. കെൽട്രോണുമായി സഹകരിച്ച് നടപ്പിലാക്കുന്ന സിഐഎംഎസിന്‍റെ പരീക്ഷണം കൊച്ചി എംജി റോഡിലെ ജോസ്കോ ഷോറൂമിൽ നടന്നു. 

വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ, എടിഎമ്മുകൾ, വീടുകൾ എന്നിവിടങ്ങളിൽ മോഷ്ടാക്കളോ അക്രമികളോ അതിക്രമിച്ച് കയറിയാൽ  പോലീസ് കൺട്രോൾ റൂമിൽ ജാഗ്രതാ നിർദ്ദേശം നൽകുന്ന സംവിധാനമാണിത്. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം എന്നാണ് CIMS ന്‍റെ മുഴുവൻ പേര്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ 24 മണിക്കൂർ നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്.

ഈ സംവിധാനമുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ, ക്യാമറയും സെൻസറുകളും ഉടൻ പോലീസ് ആസ്ഥാനത്ത് വിവരം നൽകും. മോഷണം നടക്കുന്ന തത്സമയ ദൃശ്യങ്ങളും പോലീസിന് കിട്ടും. അതിനാൽ തന്നെ പ്രതികളെ  എളുപ്പത്തിൽ പിടികൂടാനാവും. 

ആഭ്യന്തരവകുപ്പിന്‍റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിരീക്ഷണ സംവിധാനത്തിന് പ്രതിമാസം 500 രൂപയാണ് ചിലവ്. വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാനാവുന്ന ഫേസ് റെക്ഗനീഷൻ ക്യാമറ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവ്വഹിക്കും.

click me!