Latest Videos

സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തി; അടൂർ ഏനാത്ത് പളളി വികാരി അറസ്റ്റിൽ

By Web TeamFirst Published Mar 25, 2020, 5:23 PM IST
Highlights

തുവയൂർ സെന്റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

പത്തനംതിട്ട: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശം ലംഘിച്ച് ശവസംസ്കാര തടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. അടൂർ ഏനാത്താണ് സംഭവം. വികാരിക്ക് പുറമെ പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

തുവയൂർ സെന്റ് പീറ്റേഴ്സ് പളളി വികാരി റജി യോഹന്നാൻ, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മൃതദേഹം സംസ്ക്കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനാലാണ് ഇത്.

പെരുമ്പാവൂരിൽ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച യുവാക്കൾ വാഹനം തടഞ്ഞ പൊലീസുകാരെ മർദ്ദിച്ചു. പെരുമ്പാവൂർ ചെമ്പറക്കിയിലാണ് സംഭവം. സഹോദരങ്ങളാണ് പിടിയിലായത്. വാഹനം തടഞ്ഞതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വർക്കല പൊലീസാണ് കേസെടുത്തത്. മലപ്പുറം ചേലേമ്പ്രയിൽ കഞ്ചാവ് പാക്കറ്റുകളുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുംക്കടവ് സ്വദേശികളായ ഫൈസൽ, സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്.  ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു.

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടി കർശനമാക്കിയിരിക്കുകയാണ്. നിരോധനജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. ഈ സാഹചര്യത്തലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. 

കണ്ണൂരിൽ 90 പേരെയും, എറണാകുളത്ത് 30 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നിർദ്ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയ്തത്. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പൊലീസ് ശേഖരിക്കാൻ തുടങ്ങി. 

രണ്ടു പ്രാവശ്യം പൊലീസ് നിർദ്ദേശം ലംഘിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ്-19 വലിയ ഭീതി പടർത്തിയ കാസർകോട് ജില്ലയിലെ പ്രധാന റോഡുകകളെല്ലാം പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചു. ഇന്നലെ പൊലീസിന് ജനങ്ങളെ അടിച്ചോടിക്കേണ്ടിവന്നു. എങ്കിലും ഇന്ന് ജില്ലയിലെ സ്ഥിതിയിൽ മാറ്റമുണ്ട്.

അവശ്യ സർവ്വീസിൽ ജോലി ചെയ്യുന്നവർക്കാണ് പാസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ നിരവധി പേരാണ് പാസിനായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ കൂടുതൽ വിഭാഗങ്ങൾക്ക് പാസ് വേണ്ടെന്ന് തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാരും മറ്റ് ജീവനക്കാരും, മെ‍ഡിക്കൽ ഷോപ്പ് മെഡിക്കൽ ലാബ് ജീവനക്കാർ., ആംബലുൻസ് ഡ്രൈവർമാർ, മൊബൈൽ ടവർ ടെക്നീഷ്യൻമാർ, ഡാറ്റാ സെൻറർ ജീവനക്കാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സ് , സ്വകാര്യ സുരക്ഷാ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പാചകവാതക വിതരണക്കാർ എന്നിവരെ പാസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

click me!