
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്തിന്റെ സമസ്ത മേഖലയ്ക്കും പ്രഹരമേൽപ്പിച്ച സാഹചര്യത്തിൽ നബാർഡിനോട് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍.ഐ.ഡി.എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ അടക്കം പുനരുദ്ധാരണ പാക്കേജ് നബാര്‍ഡ് നടപ്പാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്കുമാര്‍ ബന്‍വാലക്ക് മുഖ്യമന്ത്രി കത്തയച്ചു.
ആര്‍.ഐ.ഡി.എഫില്‍ നിന്നുള്ള പ്രത്യേക വായ്പ രണ്ട് ശതമാനം പലിശയ്ക്ക് അനുവദിക്കുകയെന്നതാണ് ഒരാവശ്യം. പലിശ നിരക്കിപ്പോൾ 3.9 ശതമാനമാണ്. ബാങ്കുകള്‍ക്ക് വര്‍ധിച്ച പുനര്‍വായ്പ നബാര്‍ഡ് ലഭ്യമാക്കണം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ ഇതാവശ്യമാണ്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കമേഴ്സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയ്ക്കണം. വായ്പാ പലിശ നിരക്ക് കുറയ്ക്കാന്‍ ഇത് ബാങ്കുകളെ സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന പുനര്‍വായ്പയുടെ പലിശ നിരക്ക് 8.4 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണം. ഇടക്കാല-ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന് ലോംഗ് ടേം റൂറല്‍ ക്രഡിറ്റ് ഫണ്ടിന്‍റെ പുനര്‍വായ്പ 3 ശതമാനം നിരക്കില്‍ ലഭ്യമാക്കണം.
നബാര്‍ഡ്, ആര്‍.ബി.ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്‍ററുകളെ സഹായിക്കുന്നതിന് കോ-ഓപ്പറേറ്റീവ് ഡവലപ്മെന്‍റ് ഫണ്ടില്‍നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്നും അധിക ഗ്രാന്‍റ് അനുവദിക്കണം. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കൊവിഡ് ബാധയുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്നും മുഖ്യമന്ത്രി നബാര്‍ഡ് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam