സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ ഏറ്റവുമധികം നഴ്സുമാർ, കൂടുതലും സർക്കാർ മേഖലയിൽ

By Web TeamFirst Published Aug 19, 2020, 6:33 AM IST
Highlights

ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായത് തിരുവനന്തപുരത്താണ്, 30ശതമാനം പേര്‍. തൊട്ടുപിന്നില്‍ കണ്ണൂർ, കോഴിക്കോട് ജില്ലകളാണ്

തിരുവനന്തപുരം: ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ നഴ്സുമാര്‍. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് രോഗം പിടിപെട്ടതില്‍ കൂടുതല്‍ പേരും. കഴിഞ്ഞ മാസം കേരളത്തില്‍ നിന്ന് പോയ 227പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ രോഗം കണ്ടെത്തിയെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

ജൂലൈ 11 മുതല്‍ 31 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടത്. രോഗ ബാധിതരായ 441 ആരോഗ്യ പ്രവര്‍ത്തകരില്‍ 148പേര്‍ നഴ്സുമാരാണ്. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ 33 ശതമാനം വരുമിത്. ഇതിൽ 82പേര്‍ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്സുമാരാണ്. രോഗബാധിതരായ 98 ഡോക്ടമാരില്‍ 74പേരും സര്‍ക്കാര്‍ ഡോക്ടര്‍മാരാണ്. ആശുപത്രി ജീവനക്കാര്‍ 85 , ഹെൽത്ത് ഇൻസ്പെക്ടര്‍മാര്‍ 20 , ആശാ പ്രവര്‍ത്തകര്‍ 17, പാരാമെഡിക്കല്‍ ജീവനക്കാര്‍ 46, മറ്റ് ഓഫിസ് ജീവനക്കാര്‍ 28 എന്നിങ്ങനെയാണ് രോഗം ബാധിച്ച മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരായത് തിരുവനന്തപുരത്താണ്, 30ശതമാനം പേര്‍. തൊട്ടുപിന്നില്‍ കണ്ണൂർ, കോഴിക്കോട് ജില്ലകളാണ്. ഏറ്റവും കുറവ് പാലക്കാട്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 34.9 ശതമാനം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സെന്‍റിനല്‍ സര്‍വേ വഴി 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിനിടെ സംസ്ഥാനത്ത് നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയി രോഗം സ്ഥിരീകരിച്ച 227 പേരില്‍ 8 പേര്‍ക്ക് മാത്രമാണ് കേരളത്തില്‍ നിന്ന് രോഗം കിട്ടിയതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം , വയനാട് ജില്ലകളില്‍ നിന്നുള്ള 2പേര്‍ക്ക് വീതവും കോട്ടയം , പാലക്കാട് , കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും ആണ് കേരളത്തില്‍ നിന്ന് രോഗം പിടിപെട്ടത്.

അതേസമയം കൊവിഡ് പ്രതിരോധത്തിൽ താഴേത്തട്ടിൽ നേരിട്ട് പ്രവർത്തിക്കുന്ന പൊലീസ് സേനയിലെ അംഗങ്ങൾക്ക് പ്രത്യേക പതക്കം ഏർപ്പെടുത്തി ഡിജിപി ഉത്തരവിറക്കി. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്ൻമെന്റ് നടപടികളിൽ ഏർപ്പെട്ട പൊലീസുകാരെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് 'കോവിഡ് പോരാളിയെന്ന' പേരിൽ പതക്കം. ഇതിനായി കുറഞ്ഞത് ഒരു മാസമെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ജോലി ചെയ്ത അർഹരായ പൊലീസുകാരെ കണ്ടെത്തി നൽകാൻ ഡിജിപി യൂണിറ്റ് മേധാവികളോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ അധികദൗത്യം ഏൽപ്പിക്കപ്പെട്ടിട്ടും റിസ്ക് അലവൻസ് അടക്കമുള്ളവ ലഭിക്കാത്തതിൽ സേനയിലുള്ള അമർഷം തണുപ്പിക്കുന്നതിന്റെ ഭാഗം കൂടിയായാണ് നീക്കം.

click me!