
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 430 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ രണ്ട് മരണവും സ്ഥിരീകരിച്ചു.
കൊല്ലം 171, പാലക്കാട് 129, ഇടുക്കി 66, കോട്ടയം 184, ആലപ്പുഴ 77, എറണാകുളം 325, തൃശൂര്‍ 120, പാലക്കാട് 47, മലപ്പുറം 21, കോഴിക്കോട് 29, വയനാട് 10, കണ്ണൂര്‍ 21, കാസര്‍കോട് 9 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ വീതമാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരും തൃശൂര്‍ ജില്ലയില്‍ ഒരു കൊവിഡ് മരണം വീതവും ഇന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് മാറ്റമില്ലാതെ കൊവിഡ് വ്യാപനം
രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ, 20,408 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5.12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവിൽ 1,43,988 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 32 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,258 ആയി.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപനശേഷിയില്ല
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം. എ.2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി. യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി.വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ. 2 വിന് കുറവാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി. ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്.
Read Also : Monkeypox Symptoms : 'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി