Asianet News MalayalamAsianet News Malayalam

Monkeypox Symptoms : 'വേദന കൊണ്ട് അലറിക്കരയാൻ തോന്നി'; മങ്കിപോക്സ് അനുഭവം പങ്കുവച്ച് രോഗി

ആഗോളതലത്തില്‍ തന്നെ മങ്കിപോക്സ് പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കില്‍ പോലും മങ്കിപോക്സിനെ കാര്യമായ അസുഖമായി പരിഗണിക്കാത്തവരുണ്ട്. ഇത് ജീവൻ അപഹരിക്കില്ലെന്നതാണ് ഈ നിസാര മനോഭാവത്തിന് പിന്നിലെ കാരണം.

monkeypox pain is unbearable says a patient and he shares all details on this
Author
USA, First Published Jul 28, 2022, 8:03 PM IST

മങ്കിപോക്സ് രോഗത്തെ കുറിച്ച് ( Monkeypox Disease ) ഇതിനോടകം തന്നെ നിങ്ങളേവരും കേട്ടിരിക്കും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയ വൈറസ് ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് തന്നെ പകര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണാനാകുന്നത്. എഴുപതിലധികം രാജ്യങ്ങളില്‍ ഇതിനോടകം തന്നെ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ നാല് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ലക്ഷണങ്ങളടക്കം ( Monkeypox Symptoms )  ചില അടിസ്ഥാനപരമായ വിവരങ്ങള്‍ രോഗത്തെ കുറിച്ച് ഏവര്‍ക്കുമറിയാം. 

ആഗോളതലത്തില്‍ തന്നെ മങ്കിപോക്സ് ( Monkeypox Disease ) പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കില്‍ പോലും മങ്കിപോക്സിനെ കാര്യമായ അസുഖമായി പരിഗണിക്കാത്തവരുണ്ട്. ഇത് ജീവൻ അപഹരിക്കില്ലെന്നതാണ് ഈ നിസാര മനോഭാവത്തിന് പിന്നിലെ കാരണം.

എന്നാല്‍ മങ്കിപോക്സ് എത്രമാത്രം ഭീതിതമായ അവസ്ഥയാണ് രോഗികള്‍ക്ക് സമ്മാനിക്കുകയെന്ന് ഈ അനുഭവത്തിലൂടെ കടന്നുപോയവര്‍ക്ക് അറിയാം. അങ്ങനെയുള്ള അനുഭവങ്ങള്‍ പങ്കുവച്ചവരും ഉണ്ട്. ഇത്തരത്തില്‍ മങ്കിപോക്സ് അനുഭവം പങ്കുവയ്ക്കുകയാണ് യുഎസിലെ ബ്രൂക്ലിൻ സ്വദേശിയായ സെബാസ്റ്റ്യൻ കോന്‍. 

അസാധാരണമായ തളര്‍ച്ചയായിരുന്നുവത്രേ ഇദ്ദേഹത്തില്‍ ആദ്യം കണ്ട രോഗലക്ഷണം ( Monkeypox Symptoms ) . ഇതിന് ശേഷം കടുത്ത പനിയും വിറയലും ശരീരവേദനയും അനുഭവപ്പെടാൻ തുടങ്ങി. ലിംഫ് നോഡുകളില്‍ നീര് വന്ന് വീര്‍ക്കാനും തുടങ്ങി. ഇതോടെ കടുത്ത തൊണ്ടവേദനും വന്നു. 

ആദ്യഘട്ടത്തില്‍ ഈ ലക്ഷണങ്ങളെല്ലാം വന്ന ശേഷമാണ് തൊലിപ്പുറത്ത് നിറവ്യത്യാസവും ചെറിയ കുമിളകളും പൊങ്ങാൻ തുടങ്ങിത്. ഇതാണ് മങ്കിപോക്സിന്‍റെ ഏറ്റവും സവിശേഷമായ ലക്ഷണം. ചിക്കൻ പോക്സിന് സമാനമായി ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും അതിനെക്കാളെല്ലാം ഏറെ വേദനാജാനകമാണ് മങ്കിപോക്സിലെ അവസ്ഥയെന്ന് അനുഭവസ്ഥര്‍ തന്നെ പറയുന്നു. 

'മലദ്വാരത്തിന് തൊട്ടടുത്തായാണ് ചെറിയ മുറിവുകള്‍ പോലെ കുമിളകള്‍ കണ്ടത്. കുത്തുന്ന പോലെ വേദനയും ചൊറിച്ചിലുമായിരുന്നു ആദ്യം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ രോഗം കൂടുതല്‍ ഗുരുതരമാകുമെന്ന് കരുതിയില്ല. എന്നാല്‍ പിന്നീട് കടുത്ത വേദന തുടങ്ങി. ദേഹത്താകെയും ഇതേ കുമിളകള്‍ പൊങ്ങി. അസഹ്യമായ വേദന. വേദന കൊണ്ട് പലപ്പോഴും ഉറക്കെ അലറിവിളിക്കാൻ തോന്നി. മൂത്രമൊഴിക്കാൻ പോകാൻ പോലും കഴിയാത്ത അവസ്ഥ. അപ്പോള്‍ മറ്റുള്ള കാര്യങ്ങളെ കുറിച്ച് ഊഹിക്കാമല്ലോ. ഇതിന് പുറമെ അസഹ്യമായ തലവേദന, വിരലുകളിലും തോളിലുമെല്ലാം വേദന. രാത്രിയാകുമ്പോള്‍ വേദനയും ചൊറിച്ചിലും കാരണം ഭ്രാന്താകുമെന്ന് വരെ തോന്നി...'- സെബാസ്റ്റ്യൻ പറയുന്നു. 

ഇദ്ദേഹത്തിന്‍റെ കേസില്‍ ദേഹത്ത് വന്ന കുമിളകളെല്ലാം തന്നെ പഴുത്ത് പൊട്ടുന്ന സാഹചര്യമാണുണ്ടായത്. ഈ മുറിവെല്ലാം വൃത്തിയായി സൂക്ഷിക്കാനും മറ്റും ഏറെ പ്രയാസപ്പെട്ടുവെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 'ദ ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തിലാണ് സെബാസ്റ്റ്യൻ തന്‍റെ വേദനിപ്പിക്കുന്ന രോഗാനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ഇത് തീര്‍ച്ചയായും മങ്കിപോക്സിനെ നിസാരമായി കണക്കാക്കുന്നവര്‍ക്ക് ഒരു താക്കീത് തന്നെയാണ്. നേരത്തെയും മങ്കിപോക്സ് അനുഭവങ്ങള്‍ തുറന്നുപങ്കുവച്ചിട്ടുള്ളവരെല്ലാം ഇത് കടുത്ത വേദന നല്‍കുന്ന രോഗമായി തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

ശാരീരികമായ വേദനയും ഒറ്റപ്പെടലും ക്രമേണ മാനസികപ്രശ്നങ്ങളിലേക്ക് നയിച്ചതായും രോഗികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സെബാസ്റ്റ്യനും ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. 

Also Read:- മങ്കിപോക്സ് കൂടുതലും പുരുഷന്മാരില്‍; മുന്നറിയിപ്പുമായി വിദഗ്ധര്‍

Follow Us:
Download App:
  • android
  • ios