നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി? ഇളവിൽ തീരുമാനം ഇന്ന്, മൂന്നാം തരംഗം മുന്നില്‍ കാണണമെന്ന് കേന്ദ്ര സംഘം

Published : Jul 06, 2021, 12:30 AM IST
നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി? ഇളവിൽ തീരുമാനം ഇന്ന്, മൂന്നാം തരംഗം മുന്നില്‍ കാണണമെന്ന് കേന്ദ്ര സംഘം

Synopsis

സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാൽ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീണ്ടേക്കും. സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. 

എന്തെല്ലാം ഇളവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം മുഖ്യമന്ത്രി ഇന്ന് വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈകിട്ടത്തെ വാർത്താസമ്മേളനത്തിലാവും ലോക്ക്ഡൗൺ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക. 

ടെസ്റ്റുകൾ പൊതുവിൽ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമെന്ന് വിദഗ്ധ സമിതി യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാൽ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകൾ നടത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളിൽത്തന്നെയായി തുടരുന്നതെന്നും വിദഗ്ധസമിതി വിലയിരുത്തുന്നു. 

നിയന്ത്രണങ്ങൾ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ ഇന്ന് ജില്ലാ കളക്ടർമാരുമായി നടത്തുന്ന യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം വരിക. 

'മൂന്നാം തരംഗം മുന്നിൽ കാണണം'

ഇതിനിടെ സംസ്ഥാനത്ത് കേന്ദ്രസംഘം കൊവിഡ് വ്യാപനവും ഇതിനെ തടയാനുള്ള സജ്ജീകരണങ്ങളും വിലയിരുത്താനായി ഇന്നലെ എത്തിയിരുന്നു. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം, മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചികിത്സാ സൗകര്യങ്ങൾ പരിശോധിച്ച കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. 

സംസ്ഥാനത്തെ രോഗബാധിതരുടെ സമ്പർക്കപട്ടിക കണ്ടെത്തുന്നത് ശക്തമാക്കണമെന്ന് കേന്ദ്രസംഘം നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വന്നാൽ കേസുകൾ കൂടും. കഴിഞ്ഞ വർഷം ഓണക്കാലത്ത് നൽകിയ ഇളവുകളെത്തുടർന്നായിരുന്നു കേസുകൾ കൂടിയതെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നൽകുന്നു. ഈ വർഷവും ഓണാഘോഷക്കാലത്ത് ഇതേ സാഹചര്യമാകും ഉണ്ടാവുക. കേസുകൾ കൂടാതിരിക്കാൻ നല്ല ജാഗ്രത വേണമെന്നും കേന്ദ്രസംഘം നിർദേശം നൽകി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'
ഐഎഫ്എഫ്കെ; സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്, പ്രദീപ് പാലവിളാകം മികച്ച ക്യാമറാമാൻ