കൊവിഡ് വാക്സീൻ: സ്വകാര്യ ആശുപത്രികളെ കയ്യൊഴിഞ്ഞ് ജനം, ലക്ഷകണക്കിന് ഡോസ് പാഴായി പോകുമെന്ന് ആശങ്ക

By P R PraveenaFirst Published Oct 8, 2021, 12:03 PM IST
Highlights

സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സീന് ലഭ്യമാകുമ്പോൾ 780 രൂപ കൊടുത്ത് ആരും സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സീൻ എടുക്കാൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സീൻ (Covid vaccine) വിതരണത്തിലെ പാളിച്ച മൂലം സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഡോസ് കൊവിഷീൽഡ് (covishield) വാക്സീൻ. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് വാക്സീന്‍ ലഭ്യമായതോടെയാണ് ജനം സ്വകാര്യ ആശുപത്രികളെ കയ്യൊഴിഞ്ഞത്. കെട്ടിക്കിടക്കുന്ന വാക്സീൻ്റെ കാലാവധി 2022 മാർച്ച് മാസത്തില്‍ അവസാനിക്കാനിരിക്കെ ഇവ ഉപയോഗശൂന്യമാകുമോ എന്ന ആശങ്കയിലാണ് സ്വകാര്യ ആശുപത്രികൾ. വാക്സീൻ തിരിച്ചെടുക്കണമെന്ന് സ്വകാര്യ ആശുപത്രികളുടെ ആവശ്യം.

തൃശൂർ, എറണാകുളം ജില്ലകളിൽ പല ആശുപത്രികളിലും 3000 ഡോസ് മുതൽ 4000  ഡോസ് വരെ വാക്സീനാണ് കെട്ടിക്കിടക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സീന് ലഭ്യമാകുമ്പോൾ 780 രൂപ കൊടുത്ത് ആരും സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സീൻ എടുക്കാൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്നം തുടർന്നാൽ വലിയ അളവിൽ വാക്സിൻ പാഴാക്കുകയും അംഗ ആശുപത്രിക്ക് പണം നഷ്ടപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തിൽ വാക്സീന്റെ തിരികെ എടുത്ത് പൊതുജനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് സ്വകാര്യ ആശുപത്രികൾ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

ഇതെങ്ങനെ സംഭവിച്ചു ?

കോവിഷീൽ‍ഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവർക്ക് തിരിച്ചടിയായി. ഇവിടെ സർക്കാർ ഇടപെട്ടു. 12 കോടി നൽകി സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്സീൻ വാങ്ങി നൽകി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്സീൻ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികൾ തിരിച്ച് സർക്കാരിന് നൽകണമെന്നായിരുന്നു നിബന്ധന. 150 രൂപ സർവ്വീസ് ചാർജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികൾ വാക്സീൻ കൊടുക്കുന്നത്. ഇത്തിരി കാത്തിരുന്നാലും സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി വാക്സീൻ കിട്ടുമ്പോൾ 780 രൂപ നൽകി സ്വകാര്യ ആശുപത്രിയിൽ നിന്ന് എന്തിന് കുത്തിവയ്പ്പ് എടുക്കുന്നു എന്ന ചോദ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണം എന്ന് വളരെ ലളിതമായി പറയാം.

പരിഹാരം എന്ത്?

ഈ മാസം 18 ന് കോളേജുകൾ പൂർണമായും തുറക്കാനിരിക്കെ വിദ്യാർത്ഥികളിലെ വാക്സീൻ വിതരണത്തിന് ഇവ ഉപയോ​ഗിക്കാം. സ്വകാര്യ മേഖലയിൽ കൂടി വാക്സീൻ സൗജന്യമാക്കുകയോ സബ്സിഡി നൽകുകയോ ചെയ്താൽ പ്രശ്നപരിഹാരക്കാനായേക്കും. കൂടുതൽ ഇടത്ത് നിന്ന് വാക്സീൻ കിട്ടുന്ന സാഹചര്യമുണ്ടായാൽ രണ്ടാം ഡോസ് വാക്സീൻ എടുക്കുന്നവരുടെ എണ്ണം ഉയരും. കൂടുതൽ വിദ്യാർത്ഥികളും വാക്സീൻ എടുക്കാൻ തയ്യാറാകും.

വാക്സീനേഷൻ ഇത് വരെ

ഒന്നാം ഡോസും രണ്ടാം ഡോസും ഉൾപ്പെടെ സംസ്ഥാനത്ത് ഇത് വരെ 3,64,04,946 ഡോസ് വാക്‌സീനാണ് നൽകിയത്. അതിൽ 2,48,81,688 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 1,15,23,278 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. ഇതോടെ വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 43.14 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

click me!