'തനതാണ്, പക്ഷെ പുരാവസ്തുവല്ല'; പുരാവസ്തു തട്ടിപ്പിനെതിരെ കേരള ക്രാഫ്റ്റ് വില്ലേജ്

By Web TeamFirst Published Oct 3, 2021, 5:46 PM IST
Highlights

 മോഹൻലാലിന്റെ ഓർഡർ അനുസരിച്ച് 12 അടി ഉയരമുള്ള വിശ്വരൂപത്തിന്‍റെ നിർമ്മാണം ഇവിടെ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം: പുരാവസ്തുക്കളുടേയും കരകൗശല ഉത്പന്നങ്ങളുടേയും പേരിലുള്ള മോൻസൻ മോഡൽ തട്ടിപ്പ് തടയാൻ വിപുലമായ പ്രചാരണ പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ക്രാഫ്റ്റ് വില്ലേജാണ് (kerala craft village)  'തനതാണ് പക്ഷെ പുരാവസ്തുവല്ല' എന്ന വിപണന വാക്യവുമായി രംഗത്ത് വരുന്നത്. കേരളത്തിന്‍റെ തനത് കരകൗശല ഉത്പന്നങ്ങൾ, വ്യത്യസ്ത മതവിഭാഗങ്ങള്‍ ആരാധിക്കുന്ന ദൈവരൂപങ്ങൾ, പുരാണേതിഹാസങ്ങളിലെ ചരിത്രമൂഹൂര്‍ത്തങ്ങളുടെ ആവിഷ്കാരങ്ങള്‍ എല്ലാം ടൂറിസം വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളാറിലുള്ള ക്രാഫ്റ്റ് വില്ലേജിലുണ്ട്. 

എന്നാൽ മോശയുടെ അംശവടി, കൃഷ്ണന്‍റെ ഉറി, നബിയുടെ വിളക്ക് എന്ന പേരിലുള്ള തട്ടിപ്പില്ല. കരകൗശല ഉത്‍പന്നങ്ങള്‍ ആര്‍ക്കും വാങ്ങാം, ആവശ്യമനുസരിച്ച് നിർമ്മിച്ചും നല്‍കും. മരത്തിലും ലോഹത്തിലും ടെറാക്കാട്ടയിലുമടക്കം തനത് കലാരൂപങ്ങൾ ഇവിടെ ഒരുക്കുന്നു. ന്യായമായ വില ഈടാക്കും. എന്നാൽ പുരാവസ്തുവെന്ന അവകാശവാദം ഉണ്ടാകില്ല. മോഹൻലാലിന്‍റെ ഓർഡർ അനുസരിച്ച് 12 അടി ഉയരമുള്ള വിശ്വരൂപത്തിന്‍റെ നിർമ്മാണം ഇവിടെ പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരി 16നാണ് ക്രാഫ്റ്റ് വില്ലേജ് പ്രവര്‍ത്തനം തുടങ്ങിയത്. ലോക്ഡൗണിനു ശേഷം ഓഗസ്റ്റ് 16 നാണ് വീണ്ടും തുറന്നത്. ദേശീയ പുരസ്കാരം നേടിയ അഞ്ചുപേരടക്കം 31 കരകൗശല വിദഗ്ധരാണ് ഇവിടെയുള്ളത്. നിര്‍മ്മാണവും പ്രദര്‍ശനവും വില്‍പ്പനയും ഇവിടെ തന്നെ. ഉത്പനങ്ങളുടെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്താം. വിശ്വാസ്യത ഇടനിലക്കാരില്ലാതെ നേരിട്ട് ഉറപ്പാക്കാം. സമൂഹ മാധ്യമങ്ങളുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തി ലോകമെങ്ങുമുള്ള കരകൗശല പ്രേമികളെ ആകര്‍ഷിക്കാനാണ് കേരള ക്രാഫ്റ്റ് വില്ലേജ് ലക്ഷ്യമിടുന്നത്.

click me!