സംസ്ഥാനത്ത് ബാറുകള്‍ തുറക്കുമോ; നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും

By Web TeamFirst Published Sep 16, 2020, 6:18 AM IST
Highlights

സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും, ബീയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനുളള തീരുമാനം ഇന്ന് ഉണ്ടായേക്കും. കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നാണ് എക്‌സൈസ് ശുപാര്‍ശ. 

അതേസമയം ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് ശുപാര്‍ശയില്‍ ഉളളത്.

നേരത്തെ പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബാറുകളുടെ പ്രവ‍ർത്തനമെന്ന് ബംഗാള്‍ സർക്കാ‍ർ വ്യക്തമാക്കി. ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സ‍ർക്കാരിന്റെ മുൻകൂർ അനുമതി തേടണം. റസ്റ്റോറന്റുകളിൽ പകുതി പേർ മാത്രമേ പ്രവേശിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം എന്നും ഉത്തരവ് പറയുന്നു. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതി നല്‍കിയില്ല. 

click me!