
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ . മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ ഹർജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി .
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികളില്‍ അന്തിമ വാദം ഇന്ന് കേള്‍ക്കാനിരിക്കെയാണ് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണെമെന്നും പരിശോധന സമിതിയില്‍ അന്താരാഷ്ട വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. . 2010 -11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ 2018 ലെ അണക്കെട്ട് സുരക്ഷ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ സുരക്ഷയെ കുറിച്ച് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെയും സത്യവാങ്മൂലത്തില്‍ കേരളം കുറ്റപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ ജല കമ്മീഷന് അധികാരമില്ലെന്നും മേല്‍നോട്ട സമിതിയുടെ അറിവോ അനുമതിയോ ഉണ്ടായിരുന്നില്ലെന്നുമാണ് കേരളത്തിന്‍റെ വിമർശനം. കേരളം സത്യവാങ്മൂലം സമർപ്പിച്ചത് ഇന്ന് രാവിലെയാണെന്നും അതിനാല്‍ സമയം വേണമെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹർജികള്‍ നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അണക്കെട്ടിന്റെ റൂൾ കെർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കാനിരിക്കുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam