കാലവർഷമെത്തി; മുന്നൊരുക്കം ശക്തമാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

By Web TeamFirst Published Jun 9, 2019, 12:33 PM IST
Highlights

സംസ്ഥാനത്തെ 12 വലിയ അണക്കെട്ടുകളുടെ നിയന്ത്രണം വൈദ്യുതി ബോര്‍ഡിനാണ്. ഈ അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു

തിരുവനന്തപുരം: കാലവര്‍ഷം കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കം ഊര്‍ജ്ജിതമാക്കി. അണക്കെട്ടുകള്‍ തുറക്കുന്നതിന് 36  മണിക്കൂര്‍ മുമ്പെങ്കിലും അറിയിപ്പ് നല്‍കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കഴിഞ്ഞ വര്‍ഷം പ്രളയത്തിന് വഴിവച്ചതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേന്ദ്ര ജല കമ്മീഷന്‍റെയും വിദഗ്ധ സമിതിയുടേയും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. 

വീണ്ടും ഒരു കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തയ്യാറെടുപ്പിന് നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളില്‍ ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ സംഭരിക്കാവുന്ന പരമാവധി  വെള്ളത്തിന്‍റെ അളവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണം.

സംസ്ഥാനത്തെ 12 വലിയ അണക്കെട്ടുകളുടെ നിയന്ത്രണം വൈദ്യുതി ബോര്‍ഡിനാണ്. ഈ അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. ഇതിന്  കേന്ദ്ര ജലകമ്മീഷന്‍റെ അംഗീകാരവും കിട്ടി. മൊത്തം 59 അണക്കെട്ടുകളാണ് സംസ്ഥാനത്തുള്ളത്. എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പ് കൈകാര്യം ചെയ്യുന്ന ഇന്‍റഗ്രേറ്റ്ഡ് വാട്ട‍ർ റിസോഴ്സ് മാനേജ്മെന്‍റ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
 

click me!