'ഡോക്ടർ അനൂപിനെ ആത്മഹത്യയിലേക്ക് നയിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ'

By Web TeamFirst Published Oct 2, 2020, 6:56 AM IST
Highlights

ശസ്ത്രക്രിയക്ക് ഇടയില്‍ ഏഴ് വയസ്സുകാരി മരിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനൂപിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ ആണ് കൊല്ലത്തെ യുവ ഡോക്ടർ അനൂപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു.

ശസ്ത്രക്രിയക്ക് ഇടയില്‍ ഏഴ് വയസ്സുകാരി മരിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അനൂപിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.  കൊല്ലം ഏഴുകോൺ സ്വദേശിയായ ഏഴ് വയസ്സുകാരിയെ  ഡോക്ടര്‍ അനൂപിന്‍റെ  ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. 

കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍  ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.  

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങളെ തുടര്‍ന്ന്  കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനൂപ്. ഇന്നലെ ചിലര്‍ ആശുപത്രിയില്‍ എത്തി  ഡോക്ടറുമായി  ചര്‍ച്ചനടത്തി. ഇതിന് ശേഷം ഡോക്ടറെ ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു. 

പൊലീസ് ഇടപെട്ട് വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പതിനൊന്ന്  മണിക്ക് കിടപ്പുമുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം  ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. 

ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി മരിച്ച  സംഭവത്തില്‍  പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഡോക്ടറുടെ ആത്മഹത്യ.

click me!