
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പൂട്ട് വീഴും. പിന്നീട് 2 ദിവസം സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡേയുമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ഇന്ന് 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും അടഞ്ഞുകിടക്കും.
സംസ്ഥാനത്ത് ഇത്തവണത്തെ ഓണനാളുകളിൽ ബെവ്കോ വിറ്റഴിച്ചത് റെക്കോഡ് മദ്യം. മൊത്തം 920.74 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിച്ചത്. 12 ദിവസത്തെ കുടി കണക്കാണിത്. കഴിഞ്ഞ വർഷം 842.07 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 78 കോടിയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവർഹൗസിനടുത്തായുള്ള ഔട്ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മദ്യം ചെലവഴിക്കപ്പെട്ടത്.
സംസ്ഥാനത്തെ മദ്യശാലകളിൽ കുപ്പികൾ തിരികെ വാങ്ങൽ പദ്ധതിയുടെ പരീക്ഷണം തുടരകുയാണ്. ഈ മാസം 10 മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 20 ഷോപ്പുകളിലാണ് മദ്യക്കുപ്പികൾ തിരികെ ഏൽപ്പിക്കാൻ കഴിയുന്നത്. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യക്കുപ്പി കൊടുത്താൽ ഡെപ്പോസിറ്റ് തുകയായ 20 രൂപ തിരികെ നൽകും. ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കിയിരിക്കുന്നത്. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്നാണ് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞത്. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ജനുവരിയോടെ സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam