വീണാ ജോര്‍ജിനെതിരായ പരാമര്‍ശം; കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഡിവൈഎഫ്‌ഐ

Published : Sep 22, 2023, 06:29 PM IST
വീണാ ജോര്‍ജിനെതിരായ പരാമര്‍ശം; കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഡിവൈഎഫ്‌ഐ

Synopsis

ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. 

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിനെതിരെ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത വെളിവാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ. സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജി. പുരോഗമന രാഷ്ട്രീയത്തിന് എതിരായും വര്‍ഗീയമായും മാത്രം സംസാരിക്കുന്ന കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്ലീം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നാണ് കെ എം ഷാജി പറഞ്ഞത്. വീണ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നതെന്നും ഷാജി പറഞ്ഞു. മലപ്പുറം കുണ്ടൂര്‍ അത്താണി ലീഗ് സമ്മേളന വേദിയിലായിരുന്നു കെഎം ഷാജിയുടെ അതിര് വിട്ട പ്രതികരണം. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണ ജോര്‍ജിന്റെ മന്ത്രിപദവിയെന്നും ഷാജി പറഞ്ഞു. 

അതേസമയം, വ്യാപക വിമര്‍ശനമാണ് കെ എം ഷാജിയുടെ പരാമര്‍ശത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഒരു ആരോഗ്യ മന്ത്രിക്ക് എതിരെയെന്നല്ല, ഒരു സ്ത്രീയെ ഇങ്ങനെ പൊതു മധ്യത്തില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്ന് പികെ ശ്രീമതി പറഞ്ഞു. ഷാജി നടത്തിയ പരാമര്‍ശം അപലപനീയമാണ്. പരാമര്‍ശം നിരുപാധികം പിന്‍വലിച്ച് മാപ്പു പറയണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. 

മണിപ്പൂർ കലാപം: അത്യാധുനിക ആയുധങ്ങളുമായി പൊലീസ് പിടികൂടിയ 5 പേർക്ക് വ്യവസ്ഥകളോടെ ജാമ്യം 
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും