
വയനാട്: വയനാട് ബത്തേരിയിൽ സ്കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് സന്ദർശിക്കും. സർവജന ഹൈസ്കൂളിലും മന്ത്രി സന്ദർശനം നടത്തും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ മന്ത്രി വി എസ് സുനിൽ കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷെഹലയുടെ വീട്ടിലെത്തുന്നുണ്ട്. സംഭവത്തിൽ പ്രിന്‍സിപ്പാള്‍ എ കെ കരുണാകരൻ, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനൻ, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്കൂൾ പ്രിൻസിപ്പാളിനെയും ഹൈസ്കൂൾ ചുമതലയുള്ള വൈസ് പ്രിൻസിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും ഇന്നലെ പിരിച്ചുവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.
അതേസമയം വിദ്യാലയങ്ങളില്‍ ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതൽ എടുക്കണമെന്ന് വിദ്യാലയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നവംബര്‍ 30 ന് മുൻപ് എല്ലാ സ്കൂളുകളിലും പിടിഎ മീറ്റിംഗ് വിളിച്ചു ചേർത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതൽ എടുക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‍കൂളുകളില്‍ ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം 5 ന് മുൻപ് അടയ്ക്കണം, ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്, സ്കൂൾ പരിസരങ്ങളിലെ പാഴ്‍ച്ചെടികളും പടർപ്പുകളും വെട്ടിമാറ്റാൻ നടപടിയെടുക്കണം എന്നിവ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam