അവധിക്കാലം ശരിക്കും മാറുമോ? മന്ത്രിയുടെ 'ക്രീയാത്മക ചർച്ച' സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്; പക്ഷേ പ്രശ്നങ്ങൾ നിരവധി

Published : Aug 01, 2025, 02:43 PM IST
Shift Summer Vacation

Synopsis

പ്രതിപക്ഷ അധ്യാപക സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തുമ്പോൾ ചർച്ചയാകാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. മന്ത്രിയുടെ നിർദ്ദേശം നല്ല ചുവട് വെപ്പാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഒറ്റയടിക്ക് തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വേനലവധി, മഴക്കാലത്തെ അവധിയാക്കി മാറ്റിയാലോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശത്തിൽ ചർച്ച പൊടിപൊടിക്കുന്നു. ഏപ്രിൽ - മെയ് മാസത്തെ അവധി ജൂൺ - ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ എന്ന നിർദ്ദേശത്തിൽ ക്രീയാത്മക ചർച്ചകൾ ആകാമെന്ന് മന്ത്രി ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മഴക്കാലത്തെ അവധി പ്രശ്നം മാറ്റാനടക്കം ഇത് ഗുണം ചെയ്യുമെങ്കിലും എപ്രിൽ - മെയ് മാസങ്ങളിൽ ക്ലാസ് വെച്ചാൽ കൊടും ചൂടിനെ എങ്ങിനെ നേരിടുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം. മഴക്കാലത്താണ് അവധിയെങ്കിൽ എങ്ങിനെ കളിക്കുമെന്നതും ചോദ്യമായി ഉയരുന്നുണ്ട്. ദേശീയ തലത്തിൽ ജൂണിൽ അക്കാഡമിക് കലണ്ടർ തുടങ്ങുന്നതും അടുത്ത പ്രധാന പ്രശ്നം.

എല്ലാം ചർച്ച ചെയ്യാമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. പ്രതിപക്ഷ അധ്യാപക സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തുമ്പോൾ ചർച്ചയാകാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. മന്ത്രിയുടെ നിർദ്ദേശം നല്ല ചുവട് വെപ്പാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ഒറ്റയടിക്ക് തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടു. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം യു ഡി എഫിന്‍റെ നിലപാട് പറയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

അതേസമയം അവധിക്കാലം മാറ്റണമെങ്കിൽ കെ ഇ ആറിലടക്കം മാറ്റം കൊണ്ടുവരണം. പൊതുചർച്ചയിലെ അഭിപ്രായങ്ങൾ കേട്ട് വിദ്യാർഥികളും അധ്യാപകരുമായും ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസവകുപ്പ് നീക്കം. സൂംബ ക്ലാസും സ്കൂൾ സമയമാറ്റവും എതിർപ്പുകൾ മറികടന്ന് നടപ്പാക്കാനായി എന്നത് വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തിലും മുന്നോട്ട് പോകാൻ ബലം നൽകുന്നുണ്ട്. എന്നാൽ സ്കൂളിലെ അവധിക്കാലമാറ്റം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനാഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ച്, ചർച്ച ചെയ്യുമെന്നും വി ശിവൻകുട്ടി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലൂടെ മുന്നോട്ടുവച്ച നിർദ്ദേശം ഇങ്ങനെ

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു. ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം? നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?
ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്