2021-ൻ്റെ തനിയാവർത്തനം; 16 മണ്ഡലങ്ങളിൽ അവർ വീണ്ടും നേർക്കുനേർ! മധുരപ്രതികാരമോ അതോ ചരിത്രാവർത്തനമോ?

Published : Mar 24, 2026, 03:24 PM IST
Election

Synopsis

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം സാക്ഷ്യം വഹിച്ച അതേ പോരാട്ടവീര്യം 2026-ലും ആവർത്തിക്കുകയാണ്. 16 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ പോരാട്ടം കേവലം രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ പ്രതിപ്രതിച്ഛായകളുടെയും മധുരപ്രതികാരത്തിന്റെയും വേദിയായി മാറുന്നു.

കേരളം വിധിയെഴുതാൻ ഒരുങ്ങുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് അപൂർവ്വമായ ഒരു തനിയാവർത്തനത്തിലേക്കാണ്. സംസ്ഥാനത്തെ 16 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ അതായത് 2021 കൊമ്പുകോർത്ത അതേ സ്ഥാനാർത്ഥികൾ തന്നെയാണ് ഇത്തവണയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. പഴയ എതിരാളികൾ വീണ്ടും അങ്കത്തട്ടിലെത്തുമ്പോൾ തോറ്റവർക്ക് ഇത് മധുരപ്രതികാരത്തിനുള്ള അവസരമാണ്, ജയിച്ചവർക്കാകട്ടെ തങ്ങളുടെ കോട്ട കാക്കാനുള്ള ജീവന്മരണ പോരാട്ടവും.

2021-ൽ നടന്ന ഹൈ-വോൾട്ടേജ് പോരാട്ടങ്ങളുടെ നേർച്ചിത്രം ഇതാ..

വടക്കൻ പോരിൽ വാശി കുറയാതെ

കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ഇത്തവണയും പോരാട്ടം പഴയവർ തമ്മിൽത്തന്നെ. യുഡിഎഫിനായി എ.കെ.എം. അഷ്റഫും (മുസ്‌ലിം ലീഗ്) എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വീണ്ടും ഏറ്റുമുട്ടുന്നു. കഴിഞ്ഞ തവണ വെറും 745 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഷ്‌റഫ് വിജയിച്ചത്. സുരേന്ദ്രനെ സംബന്ധിച്ച് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്.

വടകരയിൽ രണ്ടാമങ്കത്തിന് കെ.കെ. രമ; ആർജെഡിയിലൂടെ കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫ്

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ യുഡിഎഫിന്റെ ഐ.സി. ബാലകൃഷ്ണനും എൽഡിഎഫിന്റെ എം.എസ്. വിശ്വനാഥനും തമ്മിലാണ് രണ്ടാം പോരാട്ടം. ജില്ലയിലെ ശക്തനായ കോൺഗ്രസ് നേതാവായ ബാലകൃഷ്ണനെ വീഴ്ത്താൻ കഴിഞ്ഞ തവണ സാധിക്കാതെ പോയ വിശ്വനാഥൻ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ എൽഡിഎഫിന്റെ കെ.പി. മുഹമ്മദ് കുട്ടിയും യുഡിഎഫിന്റെ പാറക്കൽ അബ്ദുള്ളയും തമ്മിലാണ് മത്സരം. വെറും 333 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ മുഹമ്മദ് കുട്ടിയുടെ വിജയം.

പാലക്കാട്ടെ ഹൈ വോൾട്ടേജ് അങ്കം

കഴിഞ്ഞ തവണ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പോരാട്ടമായിരുന്നു തൃത്താലയിലേത്. എൽഡിഎഫിന്റെ എം.ബി. രാജേഷും യുഡിഎഫിന്റെ വി.ടി. ബൽറാമും വീണ്ടും കൊമ്പുകോർക്കുമ്പോൾ തൃത്താലയിൽ പോരാട്ടം കടുക്കും. 3,016 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ രാജേഷിന്റെ അട്ടിമറി വിജയം. ഇത്തവണ മന്ത്രിയെന്ന നിലയിലുള്ള രാജേഷിന്റെ കരുത്തിനെ യുവത്വത്തിന്റെ കരുത്തിൽ നേരിടാനാണ് ബൽറാം ഒരുങ്ങുന്നത്. മലമ്പുഴയിൽ എൽഡിഎഫിന്റെ എ. പ്രഭാകരനും എൻഡിഎയ്ക്കായി ബിജെപിയുടെ സി. കൃഷ്ണകുമാറും തമ്മിൽ വീണ്ടും ഏറ്റുമുട്ടുന്നു. കഴിഞ്ഞ തവണ 25,734 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലായിരുന്നു പ്രഭാകരന്റെ വിജയം.

മധ്യകേരളത്തിലെ ശക്തിപ്രകടനം

തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവും യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനും തമ്മിലാണ് മത്സരം. 5,949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിന്ദു കഴിഞ്ഞ തവണ വിജയിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും 2021-ന്റെ ആവർത്തനമാണ്. കളമശ്ശേരിയിൽ മന്ത്രി പി. രാജീവും യു.ഡി.എഫിന്റെ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറും തമ്മിൽ ഏറ്റുമുട്ടുമ്പോൾ, കുന്നത്തുനാട്ടിൽ പി.വി. ശ്രീനിജിനും വി.പി. സജീന്ദ്രനും തമ്മിലാണ് പോരാട്ടം. കോതമംഗലത്ത് എൽഡിഎഫിന്റെ ആന്റണി ജോണും യു.ഡി.എഫിന്റെ ഷിബു തെക്കുംപുറവും തമ്മിലാണ് മത്സരം. 6,605 വോട്ടിനാണ് കഴിഞ്ഞ തവണ ആന്റണി ജോൺ ജയിച്ചത്.

കോട്ടയത്തെയും ആലപ്പുഴയിലെയും മാറ്റുരയ്ക്കലുകൾ

കോട്ടയത്തെ പാലായിൽ എൽഡിഎഫിന്റെ ജോസ് കെ. മാണിയും യുഡിഎഫിന്റെ മാണി സി. കാപ്പനും വീണ്ടും നേർക്കുനേർ വരുന്നു. 15,378 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ കാപ്പന്റെ വിജയം. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. അനിൽകുമാറും വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, പൂഞ്ഞാറിൽ എൽഡിഎഫിന്റെ സെബാസ്റ്റ്യൻ കുളത്തിങ്കൽ കഴിഞ്ഞ തവണത്തെ എതിരാളിയായ പി.സി. ജോർജിനെ ഇത്തവണ ബിജെപി പാളയത്തിൽ നേരിടുന്നു. ആലപ്പുഴയിലെ അരൂരിലും മാറ്റമില്ല; എൽഡിഎഫിന്റെ ദലീമ ജോജോയും യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനും തമ്മിലാണ് രണ്ടാം മത്സരം.

കൊല്ലത്തെ വിധി നിർണ്ണായകം

കൊല്ലം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ചിത്രം സമാനമാണ്. ചവറയിൽ എൽഡിഎഫിന്റെ സുജിത് വിജയൻ പിള്ളയും യുഡിഎഫിന്റെ ഷിബു ബേബി ജോണും തമ്മിലാണ് പോരാട്ടം. വെറും 1,096 വോട്ടിനായിരുന്നു കഴിഞ്ഞ തവണ സുജിത്തിന്റെ വിജയം. പത്തനാപുരത്ത് എൽഡിഎഫിന്റെ കെ.ബി. ഗണേഷ് കുമാറും യു.ഡി.എഫിന്റെ ജ്യോതികുമാർ ചാമക്കാലയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇത്തവണയും തുടരുന്നു. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയും യുഡിഎഫിന്റെ എൻ.എം. നസീറും തമ്മിലാണ് രണ്ടാം അങ്കം.

മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഈ 16 മണ്ഡലങ്ങളിലെ വിധി ആർക്കൊപ്പം നിൽക്കും? പഴയ വിജയികൾ കോട്ട കാക്കുമോ അതോ തോറ്റവർ മധുരപ്രതികാരം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ,റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി
ഷിബു ബേബി ജോണും പ്രേമചന്ദ്രനുമൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെച്ച് കെ സി വേണുഗോപാല്‍