
തിരുവനന്തപുരം: വോട്ട് ചെയ്യാൻ എത്തുന്ന യുവവോട്ടർമാരെ സ്വീകരിക്കാൻ ഇത്തവണ പോളിംഗ് ബൂത്തുകളിൽ മധുരമുണ്ടാകും. കന്നിവോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ 'വോട്ട് സ്വീറ്റൻഡ് കേരള' എന്ന പേരിൽ പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത പോളിംഗ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തുന്ന ആദ്യത്തെ കന്നിവോട്ടർമാർക്ക് പ്രത്യേകമായി ബ്രാൻഡ് ചെയ്ത 'ഹൽവ' പാക്കറ്റുകൾ വിതരണം ചെയ്യും. യുവാക്കളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക, കന്നിവോട്ടർമാരെ ജനാധിപത്യ പ്രക്രിയയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുക.
ഓരോ ജില്ലയിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തിരഞ്ഞെടുക്കുന്ന നിശ്ചിത ബൂത്തുകളിലായിരിക്കും ഹൽവ വിതരണം. ഓരോ ഡിഇഒ ഓഫീസിലും 200 ഹൽവ പാക്കറ്റുകൾ വീതം വിതരണത്തിനായി എത്തിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ അല്ലെങ്കിൽ വോളന്റിയർമാർ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് 'കന്നിവോട്ടർ' എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഹൽവ നൽകുക. വോട്ടിംഗ് പ്രക്രിയയ്ക്ക് തടസ്സമില്ലാത്ത രീതിയിലായിരിക്കും വിതരണം. ഇതിനായി അധിക വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി ഹൽവ വിതരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam