കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാൽ നിർമ്മാണത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എൽ.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ പാലത്തിന്റെ പിതൃത്വത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്.
പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാൽ പാലം നിർമ്മാണത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തെ തുടർന്ന് ഇന്ന് വൈകിട്ട് നാല് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങ് എൽ.ഡി.എഫ് ബഹിഷ്കരിച്ചു. പാലം ഇടതുപക്ഷം കൊണ്ടുവന്നതാണെന്നും ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച നടപടി പരിഹാസ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ആറന്മുള മണ്ഡലം കമ്മിറ്റി ചടങ്ങ് ബഹിഷ്കരിച്ചത്.
അബിൻ വർക്കി എം.എൽ.എയുടെ പ്രതികരണം
കോഴഞ്ചേരി പാലം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് മുൻ എം.എൽ.എ ശിവദാസൻ നായരാണെന്ന് അബിൻ വർക്കി എം.എൽ.എ ചടങ്ങിൽ ആവർത്തിച്ചു. ആദ്യഘട്ടത്തിൽ പാലത്തിന് അനുവാദം നൽകുന്നത് 2013-14 കാലഘട്ടത്തിലാണെന്നും പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ കൂടുതൽ തുക അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. വീണാ ജോർജിന്റെ സമയത്താണ് പാലം നിർമ്മാണം ആരംഭിച്ചത്. ഈ പാലം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടേത് മാത്രമല്ലെന്നും ഈ നാടിന്റേതാണെന്നും അബിൻ വർക്കി വ്യക്തമാക്കി.
മുൻ എം.എൽ.എ ശിവദാസൻ നായരുടെ മറുപടി
താൻ തുടങ്ങിവെച്ച നിരവധി കാര്യങ്ങൾ ഉദ്ഘാടനം ചെയ്യാൻ അബിൻ വർക്കിക്ക് സാധിക്കുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും മുൻ എം.എൽ.എ ശിവദാസൻ നായർ പ്രതികരിച്ചു. കഴിഞ്ഞ 10 വർഷത്തിന് ശേഷം ഇപ്പോഴാണ് ഒരു സർക്കാർ പരിപാടിയിൽ ക്ഷണം ലഭിച്ചത്. ചിലർക്ക് ഒന്നും പറയാതെ വീട്ടിലിരുന്നാലും വാർത്തയിൽ നിറഞ്ഞുനിൽക്കാനുള്ള ഭാഗ്യമുണ്ടെന്നും തനിക്ക് അതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഈ പാലത്തിന് വേണ്ടി യോഗം വിളിക്കുകയും അടിയന്തരമായി നടപടിക്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മുൻ എം.എൽ.എയുടെ കാലത്താണ് പണി ഇത്രയും നടന്നതെന്ന് പറയാനുള്ള മാന്യത അബിൻ വർക്കി കാണിച്ചു. എന്നാൽ എല്ലാവരിൽ നിന്നും ആ മാന്യത പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് പലരും തെളിയിക്കുന്നതായും ശിവദാസൻ നായർ കൂട്ടിച്ചേർത്തു.
പി.കെ. ബഷീർ എം.എൽ.എയുടെ പരിഹാസം
കോഴഞ്ചേരി പാലത്തിന്റെ 'വാപ്പ' ആരാണെന്ന് ഇപ്പോൾ മനസ്സിലായെന്ന് ചടങ്ങിൽ സംസാരിച്ച പി.കെ. ബഷീർ പരിഹസിച്ചു. പ്രവൃത്തി പൂർത്തീകരിച്ചിട്ടാണല്ലോ ഉദ്ഘാടനം നടക്കുക എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞാൽ എല്ലാവരുടെയും എം.എൽ.എയാണ്. പൊതുമരാമത്ത് വകുപ്പ് വർഷങ്ങളായി നോക്കുകുത്തിയാണെന്നും കിഫ്ബി മേസ്തിരിയുടെ പണിയാണ് എടുത്തതെന്നും പി.കെ. ബഷീർ വിമർശിച്ചു.
ആന്റോ ആന്റണി എം.പിയുടെ പ്രഖ്യാപനങ്ങൾ
കോഴഞ്ചേരിയിൽ കേന്ദ്ര പദ്ധതിയിൽ ഒരു ബൈപാസ് കൂടി വരുമെന്ന് ചടങ്ങിൽ പങ്കെടുത്ത ആന്റോ ആന്റണി എം.പി പറഞ്ഞു. പമ്പ റോഡ് നിശ്ചയദാർഢ്യത്തോടെ ഒരു മാസം കൊണ്ട് പൂർത്തിയാക്കി. ആറന്മുള നിയോജക മണ്ഡലത്തിന് മുൻഗണന ഉണ്ടാകുമെന്നും മാറ്റത്തിന്റെ കൊടുങ്കാറ്റ് കേരളത്തിൽ വീശിയടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽ.ഡി.എഫ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം
പാലം യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നിർമ്മിച്ചതെന്ന് കള്ളപ്രചാരണം നടത്തി ഉദ്ഘാടനം നടത്തുന്ന അബിൻ വർക്കി എംഎൽഎയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എൽഡിഎഫ് ആറന്മുള മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. കോഴഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമിച്ച യുഡിഎഫ്, ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമം പരിഹാസ്യമാണെന്നും എൽഡി.എഫ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.














