കെ കരുണാകരൻ പാർട്ടിവിട്ട 2005-ന് ശേഷം കോൺഗ്രസിൻ്റെ വൻ തിരിച്ചുവരവ്; സംസ്ഥാനമൊട്ടാകെ സർവാധിപത്യം!

Published : May 04, 2026, 05:52 PM IST
Ramesh Chennithala, KC Venugopal, VD Satheesan

Synopsis

കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് ശേഷം, കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് 102 സീറ്റുകളുമായി അധികാരത്തിൽ വൻ തിരിച്ചുവരവ് നടത്തി. 20 വർഷത്തെ എൽഡിഎഫ് മേൽക്കോയ്മ അവസാനിപ്പിച്ച്, കോൺഗ്രസ് 63 സീറ്റുകളിലേക്ക് ഉയർന്നപ്പോൾ സിപിഎം 26 സീറ്റുകളിലേക്ക് ഒതുങ്ങി. സംസ്ഥാനത്തെ 11 ജില്ലകളിലും യുഡിഎഫ് മേൽക്കൈ നേടി.

തിരുവനന്തപുരം: നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ - 2006, 2011, 2016, 2021 - മൂന്ന് തവണയും ജയിച്ചത് എൽഡിഎഫ്. ഒരു തവണ ഭരണം പിടിച്ചെങ്കിലും കോൺഗ്രസിനോ, യുഡിഎഫിനോ അതൊരു വമ്പിച്ച വിജയമാക്കാനായില്ല. ഒരുകാലത്ത് മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇടതുപക്ഷത്തോളമോ, അവരേക്കാളുമോ ജനസ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ട രണ്ട് പതിറ്റാണ്ടാണ് കടന്നുപോയത്. 2001 ലെ വമ്പിച്ച വിജയത്തിന് ശേഷം ഇനി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമോയെന്ന് വരെ പലരും സംശയിച്ചു, നെറ്റി ചുളിച്ചു. എന്നാൽ കഴിഞ്ഞ 20 വർഷത്തിനിടയിലും എൽഡിഎഫ് നേടിയതിലും തിളക്കമുള്ള വിജയം കൈവരിച്ചാണ് ഇക്കുറി കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് അധികാരത്തിലെത്തിയത്. 102 സീറ്റിലാണ് ഐക്യജനാധിപത്യ മുന്നണി വിജയിച്ചത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരൻ, കോൺഗ്രസ് പാർട്ടിയോട് പിണങ്ങിയിറങ്ങിപ്പോയി ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കിയത് 2005 ലാണ്. അതിനുശേഷം നടന്ന നാല് നിയമസഭ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് പഴയ പ്രതാപത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞിരുന്നില്ല. ഭരണം പിടിച്ച 2011 ലും കഷ്ടിച്ച് കടന്നുകൂടിയതാണ് ചരിത്രം. 2006 ൽ 24 സീറ്റും 2011 ൽ 38 സീറ്റും നേടിയെങ്കിലും 2016 ൽ 22 സീറ്റിലേക്കും 2021 ൽ 21 സീറ്റിലേക്കും കോൺഗ്രസ് ചുരുങ്ങി. അതേസമയം ഈ നാല് നിയമസഭ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു സിപിഎം. 2006 ൽ 61, 2011 ൽ 45, 2016 ൽ 58, 2021 ൽ 62 എന്നിങ്ങനെയായിരുന്നു സിപിഎമ്മിൻ്റെ മാത്രം അംഗസംഖ്യ. 2026 ൽ എത്തിയപ്പോൾ കോൺഗ്രസ് പഴയപ്രതാപത്തിലേക്ക് കുതിച്ചെത്തുന്നതും സിപിഎം തകർന്നടിയുന്നതും കാണാനായി. കോൺഗ്രസ് 21 ൽ നിന്ന് 63 ലേക്ക് വളർന്നപ്പോൾ സിപിഎം 62 ൽ നിന്ന് 26 ലേക്ക് ചുരുങ്ങി.

ഇക്കുറി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ 11 ജില്ലകളിലും യുഡിഎഫിനാണ് മേൽക്കൈ. എന്നുമാത്രമല്ല, സിപിഎമ്മിന് കഴിഞ്ഞ 2 പതിറ്റാണ്ടിൽ നേടാനാവാത്ത മേൽക്കൈ സംസ്ഥാനമൊട്ടാകെ നേടാനും കോൺഗ്രസിന് സാധിച്ചു. പാലക്കാടും കണ്ണൂരും തൃശ്ശൂരും മാത്രമാണ് എൽഡിഎഫിന് ആശ്വസിക്കാനുള്ള നേട്ടമുണ്ടായത്. കാസർകോട് അഞ്ചിൽ നാലിടത്തും കണ്ണൂരിൽ 11 ൽ അഞ്ചും കോഴിക്കോട് 13 ൽ 12 ഉം വയനാട്ടിലെ മൂന്നും മലപ്പുറത്തെ ആകെയുള്ള 16 സീറ്റിലും മുന്നിലെത്താൻ യുഡിഎഫിന് സാധിച്ചു. 2001 ലേതിന് സമാനമായി മലബാറിൽ യുഡിഎഫിന് വൻ ജനപിന്തുണ നേടാനായെന്നത് അവരുടെ കരുത്ത് വർധിച്ചതിന് തെളിവാണ്. മധ്യകേരളത്തിൽ പ്രതീക്ഷിച്ചതിലുമേറെ മുന്നേറ്റം യുഡിഎഫിനുണ്ടായി. എറണാകുളം (14), കോട്ടയം (9), ഇടുക്കി (5) ജില്ലകളിൽ സമ്പൂർണ വിജയം നേടി. ആലപ്പുഴയിൽ ഒൻപതിൽ മൂന്നിടത്തും വിജയിച്ചു. തെക്കൻ കേരളത്തിൽ കൊല്ലത്തെ പഴയ ശക്തിയിലേക്ക് വളരാൻ കോൺഗ്രസിന് സാധിച്ചു. തിരുവനന്തപുരത്തും ഇത് തന്നെ ആവർത്തിച്ചു. പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് തവണയായി ഒറ്റ സീറ്റിൽ പോലും ജയിക്കാതിരുന്ന യുഡിഎഫ് ഇക്കുറി അഞ്ചിൽ നാലിടത്തും വിജയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊയിലാണ്ടിയിൽ ചെങ്കൊടി വീണു; യുഡിഎഫിന് അട്ടിമറി ജയം
കളമശ്ശേരി തിരിച്ചുപിടിച്ച് യുഡിഎഫ്; പി രാജീവിനിത് ഞെട്ടിക്കുന്ന തോൽവി; വി.ഇ അബ്ദുൾ ഗഫൂറിന്റെ വിജയം 16312 വോട്ടുകൾക്ക്