കളമശ്ശേരി തിരിച്ചുപിടിച്ച് യുഡിഎഫ്; പി രാജീവിന് ഞെട്ടിക്കുന്ന തോൽവി; വി.ഇ അബ്ദുൾ ഗഫൂറിന്റെ വിജയം 16312 വോട്ടുകൾക്ക്

Published : May 04, 2026, 05:51 PM IST
P Rajeev, VE Abdul Gafoor

Synopsis

2026-ലെ കളമശ്ശേരി നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂർ 16,312 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ എൽഡിഎഫിലെ പി. രാജീവിനെയാണ് പരാജയപ്പെടുത്തിയത്.

കളമശ്ശേരി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ അബ്ദുൾ ഗഫൂറിന് വിജയം. 16312 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വി.ഇ അബ്ദുൾ ഗഫൂർ വിജയിച്ചത്. 80606 വോട്ടുകളാണ് അബ്ദുൾ ഗഫൂർ നേടിയത്. എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് 64294 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എൻഡിഎ സ്ഥാനാര്‍ഥി ബിനു 14130 വോട്ടുകളും നേടി.

കളമശേരി, ഏലൂർ മുനിസിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നുകര ഗ്രാമ പഞ്ചായത്തുകളും ചേർന്നതാണ് കളമശേരി നിയോജക മണ്ഡലം. 2021-ൽ ലീഗ് കോട്ടയായിരുന്ന കളമശ്ശേരിയിൽ പി രാജീവ് നേടിയ അട്ടിമറി വിജയം രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. വ്യവസായ മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തും മണ്ഡലത്തിലും പി രാജീവ് നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു ഈ തെരഞ്ഞെടുപ്പിൽ വോട്ട് തേടിയത്. അന്തരിച്ച മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി.ഇ. അബ്ദുൾ ഗഫൂർ തന്റെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിക്കാട്ടിയായിരുന്നു വോട്ട് തേടിയത്.

നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരിലെ ഒരു മന്ത്രിയുടെ മണ്ഡലമായതുകൊണ്ട് തന്നെ വികസനം കൂടുതൽ ചർച്ചയായ മണ്ഡലമാണ് കളമശ്ശേരി. വിദ്യാർത്ഥികൾ, ഐടി ജീവനക്കാർ, വ്യവസായ മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് വലിയ സ്വാധീനമുള്ള മണ്ഡലവുമാണു. മണ്ഡലത്തിൽ ഇവരുടെ വോട്ടുകൾ നിർണായകവുമായിരുന്നു.

2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം രൂപംകൊണ്ട മണ്ഡലത്തിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിലൂടെ 2011-ലും 2016-ലും മുസ്‌ലിം ലീഗ് ഇവിടെ ആധിപത്യം ഉറപ്പിച്ചു. എന്നാൽ 2021-ൽ ചിത്രം മാറി. ഇബ്രാഹിം കുഞ്ഞിന്റെ മകൻ അഡ്വ. വിഇ അബ്ദുൽ ഗഫൂറിനെ കന്നി അങ്കത്തിൽ 15,336 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് പി രാജീവ് ചുവപ്പൻ കൊടി പാറിക്കുകയായിരുന്നു. 2021-ൽ എൽഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകിയ മണ്ഡലമാണെങ്കിലും, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ചിത്രം മാറി മറഞ്ഞിരുന്നു.

പി രാജീവ് 77,141 വോട്ടുകൾ നേടിയായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. മുസ്ലീം ലീഗിലെ വിഇ അബ്ദുൾ ഗഫൂറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അബ്ദുൾ ഗഫൂറിന് 61,805 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ഭാരത് ധർമ്മ ജനസേന (BDJS) സ്ഥാനാർത്ഥി പിഎസ് ജയരാജ് 11,179 വോട്ടുകളും നേടിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി എ.ഡി. തോമസ് വിജയിച്ചു
പെരിന്തൽമണ്ണയില്‍ ഭൂരിപക്ഷം ഉയര്‍ത്തി നജീബ് കാന്തപുരം വീണ്ടും; ഇത്തവണ വന്‍ കുതിപ്പ്