ഇടത്തോട്ടോ? വലത്തോട്ടോ? തൂക്കുസഭയോ? 5 വർഷം കേരളം ആര് ഭരിക്കും? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം, രാവിലെ 8 ന് ബാലറ്റ് പെട്ടി പൊട്ടും വരെ ആകാംക്ഷ

Published : May 04, 2026, 12:11 AM IST
election kerala

Synopsis

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും, ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ, ഒന്നിലേറെ സീറ്റുകൾ നേടി കരുത്തുകാട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഭരണമാറ്റമോ, ഭരണത്തുടർച്ചയോ, തൂക്കുസഭയോ എന്നറിയാൻ കേരളം ആകാംഷയോടെ കാത്തിരിക്കുന്നു

തിരുവനന്തപുരം: രാഷ്ട്രീയകേരളം കാത്തുകാത്തിരുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് രാവിലെ എട്ടിന് നിർണ്ണായക വോട്ടെണ്ണൽ തുടങ്ങാനിരിക്കെ മുന്നണികളുടെ പ്രതീക്ഷ വാനോളമാണ്. കെ പി സി സി ആസ്ഥാനത്ത് ആഘോഷിക്കാൻ പന്തലിട്ട കോൺഗ്രസ് ഭരണമാറ്റം ഉറപ്പിച്ചുകഴിഞ്ഞു. ഭരണത്തുടർച്ച തന്നെ എന്ന് ഇപ്പോഴും കണക്ക് കൂട്ടുന്നു എൽ ഡി എഫ്. ഒന്നിലേറെ സീറ്റുകളുമായി കരുത്തുകാട്ടുമെന്നാണ് ബി ജെ പിയുടെ വിശ്വാസം. ഭരണമാറ്റമോ, ഭരണത്തുടർച്ചയോ എന്നതിന് പുറമെ തരംഗമോ, തൂക്ക് സഭയോ എന്ന് വരെയുണ്ട് കേരളത്തിലെ ആകാംക്ഷ. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും കേരളത്തിന്‍റെ രാഷ്ട്രീയ താപനില കുതിച്ചു കുതിച്ചുകയറുകയാണ്. രാവിലെ എട്ട് മണിക്ക് ബാലറ്റ് പെട്ടി തുറക്കുന്നതോടെ കേരളത്തിന്‍റെ കാത്തിരിപ്പിന് അവസാനമാകും. ഒപ്പം അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന ജനവിധിയും വ്യക്തമാകും.

പന്തലൊരുക്കി കോൺഗ്രസ്

വോട്ട് എണ്ണാനൊന്നും കാത്തുനിൽക്കുന്നില്ല കോൺഗ്രസ്, പത്ത് വർഷത്തിന്ശേഷം അധികാരമെന്ന് ഉറപ്പിക്കുന്നു പാർട്ടി. മുമ്പില്ലാത്തവിധത്തിലാണ് വോട്ടെണ്ണൽ ദിനത്തിലെ കെ പി സി സി ആസ്ഥാനത്തെ കാഴ്ച. വൻ പന്തൽ റെഡി. പായസവും പടക്കവും പൂഴിക്കുന്ന് ആശാന്‍റെ പടക്കവുമെല്ലാം സെറ്റാണ്. പറയാനുള്ളതെല്ലാം നാളത്തേക്ക് മാറ്റി നിറഞ്ഞ ചിരിയിൽ എല്ലാം ഒതുക്കി ആത്മവിശ്വാസത്തിന്‍റെ പരകോടിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫുമെല്ലാം രാവിലെ മുതൽ ഇന്ദിരഭവനിലുണ്ടാകും. കന്‍റോൺമെൻറ് ഹൗസിലായിരിക്കും സതീശൻ തെരഞ്ഞെടുപ്പ് ഫലം കാണുക. കൗണ്ടിംഗിന് ഹരിപ്പാടെന്ന രീതി മാറ്റി ചെന്നിത്തലയും തലസ്ഥാനത്തെത്തിയിട്ടുണ്ട്. 85 അല്ല, ഭരണവിരുദ്ധതരംഗത്തിൽ 90 കടന്ന് അധികാരം പിടിക്കുമെന്നാണ് യു ഡി എഫ് പ്രതീക്ഷ. എത്ര സീറ്റുവരെ കിട്ടുമെന്ന കാര്യത്തിൽ മാത്രമാണ് നേതാക്കൾക്ക് ആകെ സംശയമുള്ളത്.

ആ പന്തൽ പൊളിഞ്ഞ് പാളീസാകുമെന്ന് സി പി എം

കോൺഗ്രസിന്‍റെ പന്തൽ വെറുതെയാകുമെന്നാണ് സി പി എം പരിഹാസം. അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കെ പി സി സി മുറ്റത്തൊരുക്കിയ പന്തൽ പൊളിഞ്ഞ് പാളീസാകുമെന്നാണ് പാർട്ടിയുടെ പക്ഷം. കൂട്ടത്തോടെ ഭരണമാറ്റം പറഞ്ഞ എക്സിറ്റ് പോളുകളിലും കുലുങ്ങാത്ത പിണറായിയും പാ‍ർട്ടിയും ഇന്നും വിശ്വസിക്കുന്നത് ഭരണത്തുടർച്ച തന്നെ. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോട തലസ്ഥാനത്തെങ്കിൽ മുഖ്യമന്ത്രി പതിവ് തെറ്റിക്കാതെ കണ്ണൂരിലാണ്. ഫലം അറിഞ്ഞ ശേഷം മാത്രമാകും തലസ്ഥാനത്തേക്കുള്ള വരവ്. അതൊരു വരവായിരുക്കുമെന്നാമ് അണികളുടെ പക്ഷം.

മാറാത്തത് മാറുമെന്ന് ബി ജെ പി

പന്തലില്ലെങ്കിലും അണിയറയിൽ വൻതയ്യാറെടുപ്പ് ഉണ്ട് മാരാർജിഭവനിൽ. ഒന്നും രണ്ടുമല്ല ഒരുപാട് താമരകൾ പ്രതീക്ഷിക്കുന്നു ബി ജെ പി. പാർട്ടി ആസ്ഥാനത്ത് കൂടുതൽ കസേരയിട്ട് ഫലം കാണാൻ ഒരുക്കങ്ങളെല്ലാം സജ്ജമാണ്. രാജീവ് ചന്ദ്രശേഖറും വി മുരളീധരനുമെല്ലാം മാറാത്തത് മാറുമോ എന്ന് അറിയുക ഓഫീസിൽ വെച്ചാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ല്യാണത്തിന് ഭാര്യക്ക് ലഭിച്ച സ്വർണത്തിൽ കണ്ണ്, മുഴുവനും സ്വന്തം ആവശ്യത്തിന് വേണ്ടി ചിലവഴിച്ചു, ക്രൂരത വേറെയും, പ്രതി അറസ്റ്റിൽ
18 വയസ് മാത്രം പ്രായം, ജോലി ചെയ്തിരുന്നത് മൊബൈൽ കടയിൽ, മോഷണം ആരോപിക്കപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു