
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് പ്രതീക്ഷിച്ച് കേരളം. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ തന്നെ ആദ്യ ട്രാൻഷിപ്പ്മെന്റ് തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞം വളരാനിരിക്കുന്നത്. ഒന്നാം ഘട്ട കമ്മീഷനിംഗ് അടുത്തിരിക്കെ അനുബന്ധ വികസനത്തിന് ഒരുങ്ങുന്നത് വൻകിട പദ്ധതികളാണ്. കേന്ദ്രം നേരിട്ട് നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന ഇടപടലിന് പ്രത്യേക മൂലധന നിക്ഷേപമായി 5000 കോടി വേണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. സിൽവർ ലൈനിന് കേന്ദ്രാനുമതിക്ക് ഒപ്പം കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധം നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കോഴിക്കോട് - വയനാട് തുരങ്കപാതക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചുമുള്ള കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിവർഷം 5710 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്ക്. വായ്പാ പരിധി വെട്ടിക്കുറക്കുന്ന നടപടി കേന്ദ്രം ഒരു വർഷത്തേക്കെങ്കിലും ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്.
ഇതിന് പുറമെ ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകക്ക് ആനുപാതികമായി 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. റബ്ബർ താങ്ങുവില 250 രൂപയാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം 75 ശതമാനം ആക്കുക, ക്ഷേമ ആനുകൂല്യങ്ങളിലെ കേന്ദ്രവിഹിതത്തിൽ വർദ്ധന തുടങ്ങിയ വിവിധ ആവശ്യങ്ങളിലും ബജറ്റ് തീരുമാനം കാക്കുകയാണ് കേരളം. തൃശൂരിൽ നിന്ന് ഒരു സീറ്റും രണ്ട് കേന്ദ്രമന്ത്രിയും ഉള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം കൂടി പ്രതീക്ഷിക്കുന്നുണ്ട് കേരളം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam