മലപ്പുറത്ത് ട്രിപ്പിൾലോക്ക്; തലസ്ഥാനമടക്കം 3 ജില്ലകളിൽ ഒഴിവാക്കി, കേരളത്തിലാകെ ലോക്ക്ഡൗൺ മെയ് 30 വരെ നീട്ടി

By Web TeamFirst Published May 21, 2021, 6:08 PM IST
Highlights

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് പക്ഷേ ട്രിപ്പിൾ ലോക്ക് തുടരും. 

തൃശ്ശൂ‍ർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നാളെ മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതാണ് ആശങ്കയുയർത്തുന്നത്. കൂടുതൽ ശക്തമായ നടപടികൾ ജില്ലയിൽ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആ‍ർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് ഇപ്പോഴും ടിപിആ‌ർ കൂടുതൽ. മറ്റു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു വരികയാണ്, ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!