സംസ്ഥാനത്ത് പത്തിടത്ത് തീരശോഷണം; കടലാക്രമണ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 1, 2021, 9:48 AM IST
Highlights

പിസി വിഷ്ണുനാഥിന്റെ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ അതിതീവ്ര കടൽത്തീരം ശോഷിക്കുന്നതായി സംസ്ഥാന സർക്കാർ. ഇവിടങ്ങളിൽ ടെട്രാപാഡ് സ്ഥാപിക്കാൻ ശ്രമം നടത്തുന്നതായും സർക്കാർ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. തീരത്ത് കടുത്ത ആശങ്കയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തീരം സംരക്ഷിക്കാൻ പരമ്പരാഗത മാർഗങ്ങൾ പോര. കടൽ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്നം പരിഹരിക്കാനാകില്ല. ചെല്ലാനത്ത് സ്ഥിതി അതിരൂക്ഷമാണ്. ശഘുമുഖം റോഡ് പൂർണ്ണമായും തകർന്നു. നാല് കൊല്ലമായി ശംഘുമുഖം റോഡ് നിർമാണത്തിൽ സർക്കാർ ഒന്നും ചെയ്തില്ല. മുന്നൊരുക്കം പോരെന്ന് ലത്തീൻ സഭ വികാരി തന്നെ പരാതിപെട്ടു. കടലിൽ പോകാമെന്ന് ദുരന്ത നിവാരണ വകുപ്പ് പറഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞത്. അധികാരികളുടെ കണ്ണിനു മുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികൾ മരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നയിച്ചത് ഗൗരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരത്തെ പ്രശ്നം ദീർഘകാലമായി നിലനിൽക്കുന്നതാണ്. ഗൗരവമായ ഇടപെടൽ ഉണ്ടാകും. അഞ്ചു വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും. കടൽത്തീരം പൂർണ്ണമായും സംരക്ഷിക്കും. ശംഘുമുഖത്തോട് അവഗണന ഇല്ല. തീരം സംരക്ഷിക്കും. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെ കാണും. 

ചെല്ലാനം മുതൽ ഫോർട്ട്‌ കൊച്ചി വരെയുള്ള പ്രദേശത്ത് തീരത്ത് ആശങ്ക നിലനിൽക്കുന്നുണ്ടെന്ന മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രിക്ക് വേണ്ടിയാണ് ഇദ്ദേഹം മറുപടി നൽകിയത്. അടുത്തിടെ ഉണ്ടായ യാസ് ചുഴലിക്കാറ്റ് കേരള തീരത്ത് നാശമുണ്ടാക്കി. കിഫ്‌ബി വഴി തീര സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ തീർന്നാൽ തീര സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ഓരോ പ്രദേശത്തെയും പ്രശ്നങ്ങൾ പ്രത്യേകം പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

അടിയന്തിര പ്രമേയത്തിന് പിന്നീട് സ്പീക്കർ എംബി രാജേഷ് അനുമതി നിഷേധിച്ചു. തീരത്തെ ഒരു കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്നം സഭ നിർത്തി ചർച്ച ചെയ്യേണ്ടതായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. മെയ്‌ മാസത്തിൽ തന്നെ ഇങ്ങനെയാണെങ്കിൽ കാലവർഷ കാലത്ത് കടൽ എവിടെയെത്തും എന്ന ഉത്കണ്ഠയിലാണ് തീരദേശവാസികൾ. ഒൻപത് ജില്ലകളിൽ ആശങ്കയുണ്ട്. കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി തീര സംരക്ഷണത്തിന് എന്താണ് ചെയ്തത്? വിശദമായ പഠന റിപ്പോർട്ട് പോലും തയ്യാറാക്കിയില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇട്ടത് ഒരു റോഡ് പണിക്കാരനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019ൽ വിഴിഞ്ഞത്ത് മണൽ കെട്ടിക്കിടക്കുന്നതിന്റെ പരാതി അറിയിച്ചിട്ടും പരിഹാരം കണ്ടില്ല. വീട് നഷ്ടപെട്ട തീരവാസികൾക്ക് പ്രത്യക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് അടിയന്തിര പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.

click me!