
കൊച്ചി: ഒരാഴ്ച മുമ്പ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യൻ നാളെ (ഫെബ്രുവരി 27-ന്) തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കണ്ണൂർ സ്വദേശിയായ ബിജു ഞായറാഴ്ച ഉച്ചയ്ക്ക് ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്നും തിങ്കളാഴ്ച പുലർച്ചെ കേരളത്തിലെത്തുമെന്നുമാണ് ഇസ്രായേലിലുള്ള ബിജുവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആധുനിക കാർഷിക രീതികൾ പരിചയപ്പെടുത്താനായി സംസ്ഥാന കൃഷി വകുപ്പ് ഇസ്രായേലിലേക്ക് കൊണ്ടുപോയ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ബിജുവിനെ ഇസ്രായേലിൽ കാണാതാവുകയായിരുന്നു. ഫെബ്രുവരി 16-ന് രാത്രി ഏഴ് മണിയോടെ ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ എന്ന നഗരത്തിൽ സംഘം അത്താഴത്തിന് നിർത്തിയ സമയം മുതൽ അദ്ദേഹത്തെ കാണാതായി എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് ബിജു സ്വയം സംഘത്തെ ഉപേക്ഷിച്ചതെന്നാണ് പുതിയ വിവരം. സംഘത്തിൽ നിന്ന് പിരിഞ്ഞ ശേഷം, ആദ്യ ദിവസം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്‌ലഹേമിലേക്ക് പോയി. ബെത്‌ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനിടയിൽ പ്രതിനിധി സംഘം തിരികെ കൊച്ചിയിലേക്ക് തിരിച്ചിരുന്നു എന്നും ബിജു പറഞ്ഞതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. തന്റെ കാണാതാകലുമായി ബന്ധപ്പെട്ട് നാട്ടിൽ നടക്കുന്ന വിവാദങ്ങളിൽ ബിജു ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിനുണ്ടായ നാണക്കേടിൽ കൃഷിമന്ത്രി പി പ്രസാദ് ഉൾപ്പെടെയുള്ളവരോട് ബിജു മാപ്പ് ചോദിച്ചതായും ബഹ്റൈൻ വഴി കേരളത്തിലത്താനുള്ള ശ്രമത്തിലാണെന്നും ബിജുവുമായി ബന്ധമുള്ളവര്‍ അറിയിച്ചതായി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
Read more: കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് കൊണ്ടുപോകാമോ എന്ന് കർഷകന്റെ അപേക്ഷ, നടപ്പില്ലെന്ന് പഞ്ചായത്ത്
അതേസമയം, ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതിൽ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയായിരുന്നു. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനായിരുന്നു സർക്കാർ തീരുമാനം. ബിജു കുര്യന്‍റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും വിവരമൊന്നുമില്ല. ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം. ഇരിട്ടി പേരട്ടയിലെ ബിജുവിന്‍റെ വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.
20 വർഷത്തോളമായി കൃഷിക്കാരനാണ് ബിജു എന്നാണ് അയൽക്കാർ നൽകുന്ന വിവരം. ഓൺലൈനായാണ് ബിജുവിന്റെ ഇസ്രയേലിൽ പോകുന്നതിനുള്ള അപക്ഷ വന്നതെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നുവെന്നും പായം കൃഷി ഓഫീസർ കെ ജെ രേഖ വ്യക്തമാക്കിയിരുന്നു. ബിജുവിന്‍റെ ബന്ധുക്കൾ ആരെങ്കിലും ഇസ്രയേലിൽ ഉള്ളതായി വിവരമില്ല. എന്നാൽ, നാട്ടുകാരായ കുറച്ച് പേർ ജോലി ആവശ്യാർത്ഥം ഇസ്രയേലിൽ ഉണ്ട്. ബിജു ഇവരുടെ അടുത്താകാം എന്നാണ് അടുത്ത ബന്ധുക്കളും നാട്ടുകാരും കരുതുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam