സില്‍വര്‍ ലൈന്‍ റെയില്‍: അലൈന്‍മെന്‍റില്‍ ആശങ്ക വേണ്ട, ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് ധനമന്ത്രി

By Web TeamFirst Published Jun 29, 2020, 7:15 AM IST
Highlights

ഇടത് സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ അലൈന്‍മെന്‍റ് മാറ്റിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മന്‍റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പദ്ധതിക്കാവശ്യമായ പണം വിദേശ ധനകാര്യ ഏജന്‍സികളില്‍ നിന്ന് കണ്ടെത്തുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ട്രെയിനില്‍ നാലര മണിക്കൂറില്‍ എത്താവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 1383 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ള പാതയില്‍ നിന്ന് മാറിയും തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതക്ക് സമാന്തരമായിട്ടാണ് അലൈന്‍മെന്‍റ് തയ്യാറാക്കിയിരിക്കുന്നത്. ഇടത് സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള വ്യക്തികളുടെ വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ അലൈന്‍മെന്‍റ് മാറ്റിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്കായി 67000 കോടിയോളം രൂപ ചെലവാകുമെന്ന് വിലയിരുത്തുന്നത്. ഇപ്പോഴത്തെ ലാഭനഷ്‌ടമല്ല, കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ദീര്‍ഘകാലത്തിലുണ്ടാകുന്ന മാറ്റമാണ് കണക്കിലെടുക്കേണ്ടത് എന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വിശദ രൂപരേഖക്ക് അടുത്ത ജനുവരിയോടെ കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം കിട്ടിയേക്കും. 2025 മാര്‍ച്ചോടെ പദ്ധതി യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

Read more: തിരുവനന്തപുരം- കാസര്‍കോട് യാത്രക്ക് വെറും നാല് മണിക്കൂര്‍; ഇതാ അറിയേണ്ടതെല്ലാം!

click me!