പ്രളയദുരിതം: നഷ്ടപരിഹാരം ഒരു മാസത്തിനകം കൊടുത്തു തീർക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Aug 29, 2019, 4:21 PM IST
Highlights

2018-ലെ പ്രളയദുരിതത്തിൽ ഇനിയും നഷ്ടപരിഹാരം ലഭിച്ച് തീർന്നിട്ടില്ലാത്തവർ നിരവധിയാണ്. പുതിയ അപേക്ഷകളുടെ വിശദാംശങ്ങൾ ഒന്നരമാസത്തിനകം വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി. 

കൊച്ചി: പ്രളയദുരിതാശ്വാസവും നഷ്ടപരിഹാരവും വൈകുന്നുവെന്ന പരാതികളിൽ ഇടപെട്ട് ഹൈക്കോടതി. നഷ്ടപരിഹാരം കൊടുത്തു തീർക്കാൻ സമയപരിധി നിശ്ചയിച്ച് അതിനുള്ളിൽ മുഴുവൻ സഹായവും കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2018-ലെ പ്രളയത്തിൽ ദുരിതബാധിതർക്കുള്ള സഹായം ഒരു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പുതിയ അപേക്ഷകളുടെ വിശദാംശങ്ങൾ ഒന്നരമാസത്തിനകം വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

2018-ലെ പ്രളയവും, പുനരധിവാസവും  കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് പോരായ്മകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പതിനഞ്ചോളം ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും ദുരിതാശ്വാസ ധനത്തിന് അർഹതയുണ്ടെന്ന് സർക്കാർ കണ്ടെത്തിയ പലർക്കും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇത്തരം കുടുംബങ്ങൾക്ക്  ഒരു മാസത്തിനകം  ധനസഹായം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കി.

പ്രളയത്തിൽ ധനസഹായം ആവശ്യപ്പെട്ട് ലഭിച്ച അപ്പീൽ അപേക്ഷകളിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെല്ലാം വെബ്സൈറ്റിൽ വേഗത്തിൽ പരസ്യപ്പെടുത്തണമെന്നും നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിൽ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാൽ കേരളത്തിൽ ഈ വർഷവും പ്രളയവും ഉരുൾ പൊട്ടലുമുണ്ടായതിനാൽ ഉദ്യോഗസ്ഥർക്ക് ഇതിൽ ഇടപെടാനായില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. അതിനാൽ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ സാവകാശം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

ഒന്നര മാസത്തിനകം ഈ ലിസ്റ്റ് പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനിടെ പ്രളയത്തിൽ എല്ലാം നഷ്ടമായ ഗ്രാമീണമേഖലയിലുള്ളവർക്ക് അപ്പീൽ അടക്കം നൽകുന്നതിന് നിയമ സഹായം ലഭ്യമാക്കാൻ ഒരു സമിതിയെ നിയോഗിക്കണമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയിൽ അറിയിച്ചു. ഈ ആവശ്യം പരിഗണിച്ച കോടതി അടുത്തമാസം 30-ന് കെൽസ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിർദ്ദശിച്ചിട്ടുണ്ട്. 

click me!