സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകള്‍, 22,165 പേർ ക്യാമ്പിൽ

By Web TeamFirst Published Aug 9, 2019, 11:50 AM IST
Highlights

22,165 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22,165 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടർമാർക്കാണ്. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ഉന്നതതല യോഗത്തിന് ശേഷം വ്യക്തമാക്കി. 

മഴക്കെടുതിയില്‍ ഇന്ന് 21 പേരാണ് മരിച്ചത്. വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. നൂറേക്കറിലധികം സ്ഥലം ഒലിച്ചുപോയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചനകള്‍. കരസേനയുടെ കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് പാങ്ങോട് നിന്ന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് പുറപ്പെട്ടു. അടിയന്തിര സാഹചര്യമുണ്ടായാൽ ഇറങ്ങാന്‍ രണ്ടു കോളം സേനയെയും  തയ്യാറാക്കിയിട്ടുണ്ട്.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 
 

click me!