കനത്ത മഴ: കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി

By Web TeamFirst Published Aug 9, 2019, 11:34 AM IST
Highlights

കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്‍റെ ഒരു ഭാഗം കനത്ത മഴയിലും വെള്ളപാച്ചിലിലും ഒലിച്ചു പോയി. 

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി - കോട്ടപ്പുറം നടപ്പാലത്തിന്‍റെ ഒരു ഭാഗം കനത്ത മഴയിലും വെള്ളപാച്ചിലിലും ഒലിച്ചു പോയി. ഏത് സമയത്തും തകര്‍ന്ന് വീഴുമെന്ന നിലയിലായിരുന്നു ഈ നടപ്പാലം. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം.

അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000ൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ 400 മീറ്റർ നീളത്തിൽ നടപ്പാലം നിർമ്മിച്ചത്.

കോൺക്രീറ്റ് തൂണുകളും മരത്തിന്‍റെ പലകകളുമാണ് പാലം നിർമാണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ വർഷം കോട്ടപ്പുറം – അച്ചാംതുരുത്തി റോഡ് പാലം തുറന്നു കൊടുത്തുവെങ്കിലും അച്ചാംതരുത്തിയിലെ വലിയൊരു ഭാഗം ജനങ്ങൾ അക്കരയിക്കര കടക്കുന്നത് ഈ നടപ്പാലം വഴി തന്നെയായിരുന്നു.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.  കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ എല്ലാം നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!