ഹോട്ടലുകളിൽ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാൻ ഏജൻസിയെ നിയമിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

By Web TeamFirst Published Feb 13, 2020, 6:55 AM IST
Highlights

ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ, തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി വ്യാപകമാണ്. ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്

കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ്. കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണിപ്പോള്‍. പഴകിയ എണ്ണ വീണ്ടും പാചകത്തിന് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ, തട്ടുകടകളിലും മറ്റും വീണ്ടും ഉപയോഗിക്കുന്നതായി പരാതി വ്യാപകമാണ്. ചെറിയ വിലയ്ക്ക് ഇത്തരം എണ്ണ കിട്ടുമെന്നതാണ് തട്ടുകടക്കാരെ ആകര്‍ഷിക്കുന്നത്. ചില ഹോട്ടലുകളും പഴകിയ എണ്ണ നിരന്തരം ഉപയോഗിക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുരുതര പ്രശ്നമുണ്ടാക്കുന്ന ഇത്തരം എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 

കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ എണ്ണ ശേഖരിക്കാനാണ് തീരുമാനം. ഇതിനായി ഒരു ഏജന്‍സിയെ നിയമിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. പഴകിയ എണ്ണകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

click me!