വനം വകുപ്പിൽ ജീവനക്കാരുടെ സ്ഥലമാറ്റം: ആഭ്യന്തര പ്രതിഷേധം രൂക്ഷമാകുന്നു

By Web TeamFirst Published Jun 26, 2021, 7:57 AM IST
Highlights

ജൂൺ 16 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പിഴവുകൾ പോലും തിരുത്താതെതയാണ് 23 ന് അന്തിമ പട്ടിക ഇറക്കിയത്. ഇതിന് പുറമെ അർഹരായ ജീവനക്കാരെ ഒഴിവാക്കിയതെന്നും ആക്ഷേപമുണ്ട്. 

തിരുവനന്തപുരം: വനം വകുപ്പിൽ ജീവനക്കാരുടെ സ്ഥലമാറ്റ ഉത്തരവിനെതിരെ ആഭ്യന്തര പ്രതിഷേധം രൂക്ഷമാകുന്നു. ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമാണ് ജീവനക്കാരെ മാറ്റുന്നതെന്നാണ് പരാതി. അച്ചടക്ക നടപടി നേരിട്ടവരെ പഴയ സ്ഥലങ്ങളിലേക്ക് വീണ്ടും മാറ്റുന്നതിനെതിരെ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തി.

വനം വകുപ്പിനെ മുഴുവൻ പിടിച്ചുലച്ച മരം മുറി വിവാദങ്ങൾ കത്തിക്കയറുന്നതിനിടയിലാണ് പുതിയ പ്രതിഷേധം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട ദക്ഷിണ മേഖലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലമാറ്റപട്ടികയാണ് പ്രതിഷേധത്തിനാധാരം. കൊല്ലം സിസിഎഫിന്റെ പട്ടികക്കെതിരെ ജീവനക്കാർക്കും ഉന്നതഉദ്യോഗസ്ഥർക്കിടയിലും ഒരേപോലെ വിമത ശബ്ദങ്ങൾ ഉയരുകയാണ്. 2017 ൽ സർക്കാർ പുതുക്കി നിശ്ചയിച്ച ജീവനക്കാരുടെ സ്ഥലമാറ്റ നിബന്ധനങ്ങൾ കാറ്റിൽപ്പറത്തിയാണ് ഉത്തരവലിറക്കിയതെന്നാണ് ആരോപണം. 

ജൂൺ 16 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പിഴവുകൾ പോലും തിരുത്താതെതയാണ് 23 ന് അന്തിമ പട്ടിക ഇറക്കിയത്. ഇതിന് പുറമെ അർഹരായ ജീവനക്കാരെ ഒഴിവാക്കിയതെന്നും ആക്ഷേപമുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥർ അഴിമതി നടത്താൻ അവരുടെ ഇഷ്ടരക്കാരെ തിരുകി കയറ്റുകയാണ്. തിരുവന്തപുരം ഫ്ലൈയിങ്ങ് സ്ക്വാഡിൽ ഇരിക്കെ ഇടമലയാർ ആനവേട്ട കേസിൽ പ്രതികൾക്ക് അന്വേഷണ വിവരം ചോർത്തി കൊടുത്തതിന്റെ സ്ഥലം മാറ്റ്പെട്ട ജീവനക്കാരനെ വീണ്ടും അതേ സ്ക്വേഡിലേക്ക് മാറ്റി. 

പത്തനംതിട്ട ഗുരുനാഥൻമൺ സ്റ്റേഷനിൽ കാട്ടുപോത്ത് വോട്ടക്കാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾക്കും പഴയ സ്ഥലത്തേക്ക മാറ്റം. കോന്നി കാട്ടാത്തി വനം സംരക്ഷണ സമിതിയിലിരിക്കെ ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനും വീണ്ടും അവിടേക്ക് തന്നെ. തടി കടത്ത് , കാട്ടിറച്ചി വിൽപ്പന, വന വിഭവങ്ങളുടെ കള്ളക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിചേർക്കപ്പെട്ട നിരവധി ജീവനക്കാരെയാണ് ഉദ്യേഗസ്ഥ ലോബിയുടെ ഇഷ്ടാനുസരണം സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. വനം വകുപ്പിലെ ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിന്റെ തെളിവാണ് ഇതെന്നാണ് പ്രതിഷേധം ഉയർത്തുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രതികരണം.

click me!