ബഫർസോണിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് ശശീന്ദ്രൻ, ദില്ലിയിൽ ഇടത് എംപിമാരുടെ പ്രതിഷേധം

By Web TeamFirst Published Jul 28, 2022, 11:16 AM IST
Highlights

സുപ്രീംകോടതി വിധിയോടെ 2019ൽ സംസ്ഥാനം ഇറക്കിയ ഉത്തരവിന് പ്രസക്തി നഷ്ടപ്പെട്ടെന്ന് വനംമന്ത്രി

കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സംസ്ഥാനം 2019ൽ ഇറക്കിയ ഉത്തരവിന് ഇനി പ്രസക്തിയില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ഗുണകരമായ സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇത് മനസ്സിലാക്കാതെ, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം ബഫർസോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. ബഫ‌ർസോൺ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ കേന്ദ്രം ഇടപെടണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടത് എംപിമാർ പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. 

2019ലെ ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ വരെ ബഫർസോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ, സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയർന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. 

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോമീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർസോൺ നടപ്പാക്കണം എന്നതാണ് കേരളത്തിന്‍റെ നിലപാട്. ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം. നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമാണ സാധ്യതകൾ പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശം ലഭിച്ചതോടെ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേരളം മാറിയിട്ടുണ്ട്. 

 

click me!