മറയൂരിലെ വനപാലകരെ ആന്ധ്ര ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു

By Web TeamFirst Published Jun 18, 2019, 1:03 AM IST
Highlights

മറയൂരിലെ വനപാലകരെ ആന്ധ്ര ചിറ്റൂരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ചന്ദനക്കടത്ത് അന്വേഷിക്കാൻ ചിറ്റൂരിലെത്തിയ കേരളത്തിൽ നിന്നുള്ള സംഘം മറയൂരിൽ നിന്ന് കടത്തിയ 700 കിലോ ചന്ദനം പിടികൂടിയിരുന്നു. 

ഇടുക്കി: മറയൂരിലെ വനപാലകരെ ആന്ധ്ര ചിറ്റൂരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ചന്ദനക്കടത്ത് അന്വേഷിക്കാൻ ചിറ്റൂരിലെത്തിയ കേരളത്തിൽ നിന്നുള്ള സംഘം മറയൂരിൽ നിന്ന് കടത്തിയ 700 കിലോ ചന്ദനം പിടികൂടിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് സംഘത്തെ തടഞ്ഞത്. ഉന്നത ഇടപെടലിനെ തുടർന്ന് ഒരുമണിക്കൂറിന് ശേഷം സംഘത്തെ വിട്ടയച്ചു.

രണ്ട് ഡിഎഫ്ഒമാർ ഉൾപ്പെടെയുള്ള 21 അംഗ സംഘത്തെയാണ് ചിറ്റൂരിലെ വനപാലകർ തടഞ്ഞത്. മറയൂർ ചന്ദനക്കടത്ത് കേസിലെ മുഖ്യപ്രതി ഷുഹൈബിനെ കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ആന്ധ്രയിലെ ചിറ്റൂരിലേക്കാണ് സംഘം ചന്ദനം കടത്തിയിരുന്നതെന്ന് വ്യക്തമായി. ചിറ്റൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദനഫാക്ടറിയിൽ മറയൂർ ചന്ദനം എത്തിച്ച് തൈലമാക്കി മാറ്റി വിൽപ്പന നടത്തുന്നതായിരുന്നു സംഘത്തിന്‍റെ രീതി. 

മൊഴിയനുസരിച്ച് അന്ധ്ര വനംവകുപ്പിനെ വിവരം അറിയിച്ചാണ് കേരളത്തിൽ നിന്നുള്ള സംഘം തെളിവെടുപ്പിനായി ഷുഹൈബിനെ ചിറ്റൂരിൽ എത്തിച്ചത്. പരിശോധനയിൽ ചന്ദന ഫാക്ടറിൽ സൂക്ഷിച്ചിരുന്ന 70 ലക്ഷം രൂപ വിലവരുന്ന മറയൂർ ചന്ദനം അന്വേഷണ സംഘം കണ്ടെടുത്തു. ഉപകരണങ്ങളും പിടിച്ചെടുത്തു. തുടർന്ന് ഫാക്ടറി സീൽ ചെയ്ത് പുറത്തിറങ്ങുന്നതിനിടെയാണ് കേരളത്തിൽ നിന്നുള്ള സംഘത്തെ ചിറ്റൂരിലെ വനപാലകർ തടഞ്ഞത്. 

കേരള സംഘത്തിന്‍റെ പരിശോധന അനധികൃതമെന്ന് പറഞ്ഞായിരുന്നു നടപടിയെന്ന് മറയൂരിലെ വനപാലകർ അറിയിച്ചു. തുടർന്ന് ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്ദ്യോഗസ്ഥർ നടത്തിയ മധ്യസ്ഥ ചർച്ചയ്ക്കൊടുവിൽ ഒരു മണിക്കൂറിന് ശേഷം സംഘത്തെ വിട്ടയക്കുകയായിരുന്നു. 

തൊണ്ടിമുതൽ തൂക്കിനോക്കി രേഖപ്പെടുത്തിയശേഷം അന്ധ്ര വനംവകുപ്പ് കൈമാറുമെന്ന് അറിയിച്ചതായി സംസ്ഥാന വനംവകുപ്പ് വ്യക്തമാക്കി. അനധികൃത ഫാക്ടറി നടത്തിപ്പുകാരായ ഷുഹൈബിന്‍റെ സുഹൃത്തുക്കളായ രണ്ട് പ്രതികൾ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു. 

click me!