42 വർഷം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തിയ സിപിഎമ്മിന് ഇപ്പോൾ മറവി രോഗമാണെന്ന് സതീശൻ. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ നിലപാടുമായി സമസ്തനൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ ചൊല്ലി വിഡി സതീശനും- എംവി ഗോവിന്ദനും തമ്മിൽ പോര് കനക്കുന്നു. സതീശൻ ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുകയാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. 42 വർഷം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തിയ സിപിഎമ്മിന് ഇപ്പോൾ മറവി രോഗമാണെന്ന് സതീശൻ തിരിച്ചടിച്ചു. ഇതിനിടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ നിലപാടുമായി സമസ്തനൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികൾ അല്ല എന്ന സതീശന്റെ പ്രസ്താവനയിൽ പിടിച്ചാണ് എംവി ഗോവിന്ദന്റെ രൂക്ഷമായ വിമർശനം. മനപ്പൂർവമുള്ള മറവി രോഗമാണ് എംവി ഗോവിന്ദന് എന്നായിരുന്നു സതീശന്റെ തിരിച്ചടി. ജമാഅത്തെ ഇസ്ലാമിയുമായി ഉള്ള ബന്ധത്തിനു പൊതുസമ്മിതി ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നതിനിടെ മുന്നറിയിപ്പുമായി സമസ്ത രംഗത്ത് വന്നു. കാസർകോട് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുള്ള പ്രമേയമാണ് നേതൃത്വത്തിന്റെ നിർദേശപ്രകാരം അവതരിപ്പിച്ചത്.
രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണ്. മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നു, പാൻ ഇസ്ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രത വേണം, ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണം എന്നും ഇകെ സുന്നി വിഭാഗത്തിന്റെ പണ്ഡിത സംഘടന ആവശ്യപ്പെട്ടു. യുഡിഎഫ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ചേർന്ന് പ്രചാരണം നടത്താനിരിക്കെയാണ് ഇകെ സുന്നികളുടെ മുന്നറിയിപ്പ്. എൽഡിഎഫ് ആവർത്തിച്ച് പറയുന്ന കാര്യങ്ങൾക്ക് പരോക്ഷമായ പിന്തുണ കൂടിയാണ് ഈ പ്രമേയം എന്നാണ് വിലയിരുത്തുന്നത്.



