പൊലീസും എക്സൈസും കൈകോര്‍ക്കുന്നു; മയക്ക് മരുന്ന് തടയാൻ സംയുക്ത സേന വരുന്നു

By Web TeamFirst Published Sep 16, 2021, 8:09 AM IST
Highlights

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തടയാൻ പൊലീസും എക്സൈസും ചേ‍ർന്ന സംയുക്ത സേന വരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സോണൽ ഓഫീസുകൾ തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് പ്രത്യേക സംവിധാനം ഉണ്ടാക്കുന്നത്. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങള്‍ക്കിടയിലും ലഹരി ഉപയോഗം കൂടിവരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.കാര്യമായ പരിശോധനകൾ ഇക്കാര്യത്തിൽ നടപടി എടുക്കാത്തത് വിമര്‍ശനവും ഉണ്ടായി. ലഹരികേസുകളിൽ അറസ്റ്റിലാകുന്നവർ കൂടുതലും യുവാക്കളാണെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു, 

ഈ സാഹചര്യത്തിലാണ് ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ പോലീസും എക്സൈസും സംയുക്തമായി പ്രത്യേക സംവിധാനം രൂപീകരിക്കുന്നത്. മയക്ക് മരുന്ന് വിപണനവും ഉപയോഗവും കൂടിയ സ്ഥലങ്ങളെ പ്രത്യേക മേഖലകളായി വിഭജിക്കും. എക്സൈസിലേയും പൊലീസിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ ഇൻറലിജൻസ് സംവിധാനം ശക്തമാക്കും പൊലീസും എക്സൈസും സംയുക്തമായി ആയിരിക്കും ഇനി പരിശോധന.സാമൂഹ്യമാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ പോർട്ടൽ തുടങ്ങും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്നുകളെത്തുന്നത് തടയാൻ നാഷണൽ ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ സഹായം തേടും. സ്കൂളുകളിൽ വിവിധ വകുപ്പുകളുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!