
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും വിദഗ്ധരോടും 10 ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ഇപ്പോഴുന്നയിക്കുന്ന വിമർശനങ്ങളൊന്നും പേരിനുപോലും ഇതിനുമുമ്പ് ഒരൊറ്റ സന്ദർഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നവരെപ്പോലെ "തട്ടിപ്പ്" എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ എന്നാണ് എം ബി രാജേഷിന്‍റെ പ്രധാന ചോദ്യം. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതും 'ശുദ്ധ തട്ടിപ്പി'ന്റെ ഗണത്തിൽ വരുമോ എന്നും രാജേഷ് ചോദ്യം ഉന്നയിച്ചു.
1. 2021 മെയ് 21 ന് ആദ്യ മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ജൂലൈ 16 ന് അതിദാരിദ്ര്യ നിർണയത്തിന്റെ മാനദണ്ഡം, നിർണയ പ്രക്രിയ എന്നിവ വിശദീകരിച്ച സമഗ്ര മാർഗരേഖ സർക്കാർ ഉത്തരവായി പുറത്തിറക്കിയപ്പോഴും നിങ്ങളുടെ അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ എവിടെയെങ്കിലും ഉന്നയിച്ചിരുന്നോ? എങ്കിൽ അവ എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ?
2. തുടർന്ന് കില തയാറാക്കിയ അതിദാരിദ്ര്യ നിർണയത്തിനും അതിനാവശ്യമായ പരിശീലനത്തിനുമുള്ള കൈപ്പുസ്തകം അന്നോ പിന്നീടിതുവരെയോ വിദഗ്ധരെങ്കിലും വായിച്ചിരുന്നോ? കുറവുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാതിരുന്നതെന്തുകൊണ്ട്?
3. അതിനുശേഷം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന വിവരശേഖരണ പ്രക്രിയയെക്കുറിച്ച് എന്തെങ്കിലും വിമർശനങ്ങൾ ഉന്നയിച്ചിരുന്നോ? എങ്കിൽ എന്തായിരുന്നു? ഇല്ലെങ്കിൽ എന്തുകൊണ്ട്? ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യാനുള്ള 58000 ത്തിലധികം ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരുന്നില്ലേ?
4. മെമ്പർമാർ നേതൃത്വം നൽകുന്ന വാർഡ് തല ജനകീയ സമിതികൾ ചർച്ച ചെയ്ത് ഗുണഭോക്തൃ പട്ടിക ഗ്രാമസഭയിലേക്ക് ശുപാർശ ചെയ്ത കാര്യം നിങ്ങൾ അറിഞ്ഞിരുന്നില്ലേ? വാർഡ് തല സമിതിയിൽ ആരെല്ലാമുണ്ടെന്ന് നിങ്ങൾക്കറിയാമോ?
5. ഇതിനെല്ലാം ശേഷം ഗ്രാമസഭകൾ ഈ പട്ടിക അംഗീകരിച്ചിരുന്നു എന്നറിയാമോ? ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു രീതിശാസ്ത്രം അതിദരിദ്രരെ കണ്ടെത്താൻ നിർദേശിക്കാനുണ്ടോ? എങ്കിൽ അവ പങ്കുവെക്കുമല്ലോ.
6. ഏറ്റവുമവസാനം ഓരോ തദ്ദേശ ഭരണസമിതിയും ഗ്രാമസഭ അംഗീകരിച്ച പട്ടികക്ക് അന്തിമാനുമതി നൽകിയ കാര്യം പോലും നിങ്ങൾ അറിഞ്ഞില്ലെന്നോ? പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെങ്കിലും ഇതെല്ലാം പ്രതിപക്ഷ നേതാക്കളും എം എൽ എം മാരും അറിയാതെപോയത് ആരുടെ വീഴ്ചയാണ്?
7. 2022, 23, 24 വർഷങ്ങളിലെ ഇക്കണോമിക് റിവ്യൂവിൽ പദ്ധതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചത് വിദഗ്ധരും എം എൽ എ മാരുമൊന്നും വായിച്ചില്ലെന്നോ? തുടർച്ചയായി മൂന്ന് വർഷം പ്ലാൻ ഫണ്ട് അനുവദിച്ചിട്ടും തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടും പ്ലാനിങ് ബോർഡിന് അറിവുണ്ടോ എന്ന ചോദ്യത്തിന്റെ അർത്ഥമെന്താണ്?
8. 2023 നവംബർ ഒന്നിന് പദ്ധതിയിൽ അതുവരെ കൈവരിച്ച പുരോഗതി വിശദീകരിക്കുന്ന ഇടക്കാല റിപ്പോർട്ടിനെ ആസ്പദമാക്കി നിങ്ങൾ എന്തെങ്കിലും വിമർശനം ഉന്നയിച്ചിരുന്നോ? അന്ന് വിമർശനം ഉണ്ടായിരുന്നില്ലേ?
9. നിയമസഭയിൽ ഇപ്പോഴുന്നയിക്കുന്ന വിമർശനങ്ങളൊന്നും പേരിനുപോലും ഇതിനുമുമ്പ് ഒരൊറ്റ സന്ദർഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നവരെപ്പോലെ "തട്ടിപ്പ്" എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ? ചോദ്യം, സബ്മിഷൻ, ശ്രദ്ധക്ഷണിക്കൽ ഇതൊന്നുമല്ലെങ്കിൽ തദ്ദേശ വകുപ്പിന്റെ ധനാഭ്യർത്ഥനാ ചർച്ചകളിൽ, ബജറ്റ് ചർച്ചകളിൽ എപ്പോഴെങ്കിലും നിങ്ങളാരെങ്കിലും ഒരു വരി പറഞ്ഞത് കാണിച്ചുതരാമോ?
10. പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതും "ശുദ്ധ തട്ടിപ്പി"ന്റെ ഗണത്തിൽ വരുമോ പ്രതിപക്ഷ നേതാവേ? അങ്ങയുടെ ജില്ലയിലെ ചേരാനെല്ലൂർ പഞ്ചായത്തിലെ പ്രഖ്യാപനം ഞാൻ നടത്തിയത് ശ്രീ. ഹൈബി ഈഡൻ എം പി, ശ്രീ. ടി ജെ വിനോദ് എം എൽ എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. എറണാകുളം ജില്ലാ പ്രഖ്യാപനത്തിൽ അധ്യക്ഷൻ അങ്ങയുടെ പാർട്ടിയിൽ പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. അവരെല്ലാം അഭിമാനത്തോടെ ഏറ്റെടുത്ത കാര്യം അങ്ങ് തള്ളിപ്പറയുമ്പോൾ അവരെല്ലാം തട്ടിപ്പുകാരാണോ?
നിങ്ങളുയർത്തിയ ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകിയ സ്ഥിതിക്ക് ഈ ചോദ്യങ്ങൾക്കും മറുപടി പ്രതീക്ഷിക്കുന്നു. ഒഴിഞ്ഞു മാറില്ലെന്ന് വിശ്വസിക്കട്ടെയെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam