
തിരുവനന്തപുരം: നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി ഇത്തവണത്തെ ഓണം 'ഹരിത ഓണ'മായി ആഘോഷിക്കാൻ സർക്കാർ തീരുമാനം. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ഓണാഘോഷങ്ങൾ നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മറ്റ് ഏജൻസികൾക്കും സർക്കാർ നിർദേശം നൽകി. പൂക്കളങ്ങൾക്കും കൊടിതോരണങ്ങൾക്കും പ്ലാസ്റ്റിക് ഉപയോഗിക്കരുത്.
സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ പ്ലാസ്റ്റിക് ഇലകൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവ ഒഴിവാക്കണം. വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളോ കപ്പുകളോ ആഹാരപദാർത്ഥങ്ങൾ നൽകാനായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.
'മഹാബലി വൃത്തിയുടെ ചക്രവർത്തി' എന്ന ആശയത്തിൽ ഊന്നിയാണ് ഇത്തവണത്തെ ഓണാഘോഷം. ഇതിന്റെ ഭാഗമായി ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്ച സംസ്ഥാനത്തുടനീളം ശുചീകരണ യജ്ഞം സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജനകീയ യജ്ഞത്തിൽ വിവിധ ക്ലബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവ സഹകരിക്കും.
ഹരിത ചട്ടങ്ങൾ പാലിച്ച് ഓണാഘോഷം നടത്തുന്ന സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്‌ലാറ്റ് സമുച്ചയങ്ങൾ, കലാ കായിക ക്ലബുകൾ എന്നിവയ്ക്ക് തദ്ദേശ അടിസ്ഥാനത്തിൽ പുരസ്‌കാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. മികച്ച ക്ലബുകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വം നൽകുന്ന സമിതിയുടെ ശുപാർശ പ്രകാരം ഹരിത സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ, ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേക പുരസ്കാരവും നൽകും. മാലിന്യങ്ങൾ കുറയ്ക്കാൻ നിരോധിത പ്ലാസ്റ്റിക്കിന് പകരം പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ് അഭ്യർത്ഥിച്ചു.