പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച; തന്ത്രിമാരുടെ അഭിപ്രായം തേടും, ചർച്ചയ്ക്ക് തുടക്കമിട്ടത് സർക്കാർ പ്രതിനിധി

Published : Aug 07, 2025, 03:48 PM IST
pathmanabha swamy temple

Synopsis

എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കൽ ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന സർക്കാറിൻറെ പ്രതിനിധിയാണ് തുറക്കലിൽ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കേണ്ട കാര്യം എടുത്തുപറഞ്ഞത്.

ഒരിടവേളക്ക് ശേഷം വീണ്ടും ചർച്ച ബി നിലവറയിലേക്ക് കടക്കുകയാണ്. മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണിയും ചർച്ച ചെയ്യാനായിരുന്നു ഇന്നത്തെ സംയുക്ത യോഗം. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കൽ ഉന്നയിച്ചത്. തുറക്കലിൽ തീരുമാനം ഭരണസമിതിക്ക് കൈക്കൊള്ളാമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യവർമ്മയായിരുന്നു. തുറക്കൽ ആചാരപരമായ കാര്യം കൂടിയായതിനാൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു. ആചാരപ്രശ്നം ഉയർത്തിയാണ് ബി നിലവറ തുറക്കലിനെ തുടക്കം മുതൽ രാജകുടുംബം എതിർത്തത്. തന്ത്രിമാരുടെ നിലപാട് അറിഞ്ഞശേഷം വീണ്ടും ഭരണസമിതി ചർച്ച ചെയ്താകും ബി നിലവറ തുറക്കലിൽ അന്തിമതീരുമാനം എടുക്കുക. നിലവറ തുറക്കൽ നീക്കം എന്നും വൻവിവാദമായിരിക്കെ തിടുക്കത്തിൽ തീരുമാനം ഉണ്ടാകാനിടയില്ല.

2011ലാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകൾ തുറന്നത്. എ തുറന്നപ്പോൾ വിദ​ഗ്ധസമിതി കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. എ യിൽ നിന്ന് കിട്ടിയതിൻറെ പതിന്മടങ്ങ് അപൂർവ്വ ശേഖരം ബി നിലവറയിൽ ഉണ്ടെന്നാണ് അന്നേ പറഞ്ഞു കേട്ടത്. 2011 ൽ തന്നെ ബി നിലവറ തുറക്കാൻ ശ്രമിച്ചപ്പോൾ വിദഗ്ധസമിതി അംഗം ജസ്റ്റിസ് സിഎസ് രാജന്റെ കാൽ മുറിഞ്ഞ് നിലവറയിൽ രക്തം പൊടിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബി നിലവറയെ പറ്റിയുള്ളത് പലതരം ഐതിഹ്യങ്ങളും കേട്ടുകേൾവികളുമാണ്. കാവലായി പാമ്പുകൾ, രണ്ടിലേറെ തട്ടിൽ നിലവറ. തുരങ്കപാത അങ്ങിനെ അങ്ങിനെ നീളുകയാണ്. ബി ഒരിക്കലും തുറന്നില്ലെന്നാണ് ഒരുവാദം. എന്നാൽ രണ്ട് വട്ടം തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ് റായി റിപ്പോർട്ട് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാം; സമ്മാനമായി 10,000 നേടാം, അറിയിപ്പുമായി ബെവ്കോ എംഡി