
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ എം ശിവശങ്കര്‍ ഐഎഎസിന്‍റെ ചോദ്യം ചെയ്ത് വിട്ടയച്ചു. ശിവശങ്കറിനെ കസ്റ്റംസ് അന്വേഷണ സംഘം തിരുവനന്തപുരം പൂജപ്പുരയിലേക്കുള്ള വീട്ടില്‍ എത്തിച്ചു. പിന്നീട് കസ്റ്റംസ് സംഘം മടങ്ങിയതോടെ. ഇതോടെ ശിവശങ്കര്‍ ഐഎഎസിനെ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന് വ്യക്തമാക്കി
വൈകിട്ട് അഞ്ചരയോടെ ആരംഭിച്ചതാണ് ചോദ്യം ചെയ്യൽ. കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കർ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ എത്തിയത്.
സ്വര്‍ണ്ണക്കടത്തിന് ശിവശങ്കര്‍ ഏതെങ്കിലും രീതിയിൽ സഹായം നൽകിട്ടുണ്ടോ? കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ വച്ചാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ വേഗം പൂര്‍ത്തിയാകും എന്നാണ് കരുതിയതെങ്കിലും. പിന്നീട് മണിക്കൂറുകളോളം നീളുകയായിരുന്നു. അതിനിടയില്‍ പലപ്പോഴും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മൊഴികളില്‍ വൈരുദ്ധ്യം എന്ന സൂചനകള്‍ പുറത്തുവന്നു. രാത്രി 12 മണിയോടെ ചോദ്യം ചെയ്യല്‍ എഴാം മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ കസ്റ്റംസ് ആസ്ഥാനത്തിന് മുന്നില്‍ നിന്ന മാധ്യമ പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി ആസ്ഥാനത്തിന്‍റെ ഗേറ്റ് ഉദ്യോഗസ്ഥര്‍ അടച്ചു.
ഇതിന് പിന്നാലെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കും എന്ന സൂചനകളും ചില കസ്റ്റംസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഉയര്‍ന്നു. അറസ്റ്റും പ്രതിചേര്‍ക്കലും നാളെയാകും. ഇന്ന് ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും എന്നുമായിരുന്നു സൂചന. പുലര്‍ച്ചെ രണ്ടേ മുപ്പതോടെ കസ്റ്റംസ് ആസ്ഥാനത്ത് നിന്നും ഒരു വാഹനം പുറപ്പെട്ടു. ഇതില്‍ ശിവശങ്കര്‍ ഐഎഎസ് ഉണ്ടെന്ന് കരുതിയെങ്കിലും അതില്‍ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു. പിന്നാലെ മറ്റൊരു കസ്റ്റംസ് വാഹനത്തില്‍ ശിവശങ്കര്‍ ഐഎഎസ് കസ്റ്റംസ് ആസ്ഥാനത്തിന് മുന്‍വശത്തുകൂടി കടന്നുപോയി.
നേരത്തെ ലഭിച്ച സൂചനകള്‍ അനുസരിച്ച് കൊച്ചിയിലേക്കാണ് ശിവശങ്കര്‍ ഐഎഎസിനെ കൊണ്ടുപോകുന്നത് എന്നാണ് കരുതിയതെങ്കിലും. ശിവശങ്കര്‍ സഞ്ചരിച്ച വാഹനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നും ഇല്ല എന്ന വാര്‍ത്തയാണ് പിന്നാലെ എത്തിയത്. ഇതോടെ ശിവശങ്കര്‍ കസ്റ്റഡിയില്‍ അല്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറിനൊപ്പം ശിവശങ്കര്‍ പൂജപ്പുരയിലെ വസതിയില്‍ എത്തിയത്. അപ്പോഴും സംഭവത്തില്‍ വ്യക്തതയില്ലായിരുന്നു.
ഒടുവില്‍ ശിവശങ്കര്‍ പൂജപ്പുരയിലെ വീടിന്‍റെ പിന്‍വശത്തുകൂടി വീട്ടില്‍ പ്രവേശിക്കുകയും, കസ്റ്റംസ് സംഘം മടങ്ങുകയും ചെയ്തതോടെ ഒന്‍പത് മണിക്കൂറോളം നീണ്ട നാടകീയതയ്ക്ക് അന്ത്യമായി. ശിവശങ്കറിന്‍റെ ചോദ്യം ചെയ്യലിന്‍റെ ഫലം തുടര്‍ മണിക്കൂറുകളില്‍ വ്യക്തമാകും.
വൈകുന്നേരം അഞ്ച് മണിയോടെയാണ് കസ്റ്റംസ് അസി. കമ്മീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുളള മൂന്നംഗ സംഘം ഫ്ലാറ്റില്‍ എത്തി ശിവശങ്കറിനെ കണ്ടത്. അതേ സമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം ഹില്‍ട്ടണ്‍ ഹോട്ടലില്‍ കസ്റ്റം പരിശോധന നടന്നു. സ്വപ്നയും സരിത്തും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക രജിസ്റ്ററും കസ്റ്റംസ് പരിശോധിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ഹോട്ടലില്‍ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു. അതിനിടെ സന്ദീപിന്‍റെ വീട്ടില്‍ നിന്ന് എന്‍ഐഎ ഫോണുകള്‍ പിടിച്ചെടുത്തു.അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് ഫോണുകള്‍ പിടിച്ചെടുത്തത്.
ഇതിനിടെ, സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ പി ആർ സരിത്തിന്‍റെയും സ്വപ്ന സുരേഷിന്‍റെയും കോൾ ലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam