'ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ വേണം'; 22 കോടി പൊടിച്ചതിന് പിന്നാലെ വീണ്ടും ടെണ്ടര്‍ വിളിച്ച് സര്‍ക്കാര്‍

By Web TeamFirst Published Oct 12, 2021, 11:16 AM IST
Highlights

22 കോടി ഹെലികോപ്റ്ററിനായി ധൂർത്തടിച്ചതിന് പിന്നാലെയാണ് വീണ്ടും ടെണ്ടർ വിളിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്‍റ്റര്‍ (Helicopter)  വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ. കോടികള്‍ ചെലവഴിച്ച് കഴിഞ്ഞ വർഷം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്ന വിമർശനങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. പൊലീസ് പ്രസിദ്ധീകരിച്ച പുതിയ ടെണ്ടറിൽ വ്യാപക പിശകുകളാണ് കടന്ന് കൂടിയത്. ഒന്‍പത് സീറ്റുകളുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിനായാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. ഒരു മാസം 20 മണിക്കൂർ പറന്നാലും പറന്നില്ലെങ്കിലും നിശ്ചിത തുക കമ്പനിക്ക് നൽകും. 20 മണിക്കൂർ കഴിഞ്ഞ് പറന്നാൽ ഓരോ മണിക്കൂറിനും അധികതുക നല്‍കണം. അങ്ങനെ കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്ന കമ്പനിക്ക് കരാർ നൽകുമെന്നാണ് ടെണ്ടറിൽ ആദ്യ ഭാഗത്ത് പറയുന്നത്. കേന്ദ്രഫണ്ട് ലഭിക്കുമെന്നും പറയുന്നു. എന്നാൽ മറ്റൊരിടത്ത് പറയുന്നത് മാസം 108 മണിക്കൂർ പറക്കണമെന്നും വ‍ർഷത്തിൽ1300 മണിക്കൂർ പറക്കണമെന്നുമാണ്. അതും കേന്ദ്ര സർക്കാർ നിബന്ധകള്‍ അനുസരിച്ച്. 

വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ നക്‍സല്‍ വിരുദ്ധ പ്രവ‍ർ‍ത്തനങ്ങള്‍ക്കുളള മാനദണ്ഡങ്ങള്‍ ടെണ്ടറിന്‍റെ മറ്റൊരു ഭാഗത്തുൾപ്പെടുത്തിയിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പിഴവ് സംഭവിച്ചിട്ടുണ്ടെന്നും ടെണ്ടറിൽ മാറ്റങ്ങള്‍ വരുത്തുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല ഹെലികോപ്റ്റർ കമ്പനിയുടെ യോഗം വിളിച്ച് അഭിപ്രായം തേടിയ ശേഷമേ അന്തിമ ടെണ്ടർ നടപടികളിേക്ക് കടക്കുകയുള്ളുവെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ടെണ്ടറും മാനദണ്ഡങ്ങളും മറികടന്നാണ് പവൻ ഹൻസ് എന്ന കമ്പനിയിൽ നിന്നും കഴിഞ്ഞ വർഷം സർക്കാർ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 22.21 കോടി രൂപ പൊലീസ് ഫണ്ടിൽ നിന്നും പവൻ ഹൻസിന് നൽകേണ്ടിവന്നു. കേന്ദ്രഫണ്ട് പ്രതീക്ഷിച്ചെങ്കിലും കിട്ടയില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാൽ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോള്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റ‍‌ർ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാൽ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.  
 

click me!