ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

By Web TeamFirst Published Feb 24, 2021, 11:47 AM IST
Highlights

എൻഎസ്എസ് അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ കേസ് പിൻവലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 

തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭായോഗത്തിൽ തീരുമാനം. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ശബരിമലയുമായി ബന്ധപ്പെട്ട്  വിവിധ ജില്ലകളിലായി 2300 ലധികം കേസുകളുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട്  490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ.

പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർദ്ധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കുക നിയമോപദേശത്തിന് ശേഷമായിരിക്കും. 

തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് നിർണായക തീരുമാനം പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശ്വാസികളെ ഒപ്പം നിർത്തുകയെന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നീക്കം. നേരത്തെ ശബരിമല യുവതീ പ്രവേശന വിധി വന്ന സമയത്ത് നടന്ന പ്രതിഷേധ, പ്രക്ഷോഭങ്ങൾക്കെതിരെ സ്ത്രീകൾക്കെതിരെയടക്കം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ക്രമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാൻ തീരുമാനം. നേരത്തെ എൻഎസ്എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ കേസ് പിൻവലിക്കുമെന്ന് യുഡിഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 

കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും  പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേ സമയം ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ ഒരു പോലെ പരിഗണിക്കാനുള്ള തീരുമാനത്തോട് യോജിക്കാൻ സാധിക്കില്ലെന്നും ശബരിമലയിൽ ഒരു ക്രിമിനൽ ആക്രമണവും വിശ്വാസികൾ നടത്തിയിട്ടില്ലെന്നും എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് അവശ്യപ്പെടാനുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തീരുമാനത്തെ എൻഎസ്എസ് സ്വാഗതം ചെയ്തു. 

click me!