'മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചു'; യഥാര്‍ത്ഥ വിഷയത്തില്‍ രാഹുലിന് അറിവില്ലെന്ന് വിജയരാഘവന്‍

By Web TeamFirst Published Feb 24, 2021, 11:21 AM IST
Highlights

എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് മോദിയെ കൂട്ടിപിടിച്ചു. ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ രാഹുല്‍ മറച്ചുവയ്ക്കുന്നവെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

പാലക്കാട്: രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എം വിജയരാഘവന്‍. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് രാഹുല്‍ ഇപ്പോള്‍ അനുകൂലിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് മോദിയെ കൂട്ടിപിടിച്ചു. ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ രാഹുല്‍ മറച്ചുവയ്ക്കുന്നവെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് അവഗാഹമില്ലെന്നും വിമര്‍ശനം.

ഇടതുപക്ഷ സർക്കാരിനെ തകർക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയെ വിമർശിക്കുന്നത് നിർഭാഗ്യകരമാണെന്നും ജനങ്ങൾ രാഹുൽ പറഞ്ഞത് നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷവും ബിജെപിയും ഒത്തുകളിയെന്ന എന്ന രാഹുലിന്‍റെ പരാമർശം ഏറ്റവും വലിയ തമാശയാണ്. ഉത്തരേന്ത്യയിൽ ബിജെപിയെ നേരിടുന്നതിൽ കോൺഗ്രസിന് അയവുള്ള സമീപനമാണ് ഉള്ളത്. വയനാട്ടിൽ 2000 കോടി രൂപയുടെ പ്രവർത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്
അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ആളാണ് രാഹുലെന്നും രാഷ്ട്രീയ പ്രശ്നങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

രാഹുലിന്‍റെ പാർട്ടി കേരളം ഭരിക്കുമ്പോള്‍ സ്ഥലം മാറ്റത്തിന് പോലും കാശ് വാങ്ങിയിരുന്നു. രണ്ടാം യുപിഎ കാലത്തെ അഴിമതികളാണ് ബിജെപിക്ക് അവസരം നൽകിയത്. ഇതൊന്നും രാഹുൽ മറക്കരുത്. അഴിമതിയുടെ ആ കാലം ആവർത്തിക്കരുത് എന്ന് ജനം ആഗ്രഹിക്കുന്നു. പ്രകടന പത്രികയോട് യുഡിഎഫ് ഒരിക്കലും മമത കാണിക്കാറില്ല. ആഴക്കടൽ വിഷയത്തില്‍ സർക്കാരിന് ഒരു ആശയ കുഴപ്പവും ഇല്ലെന്നും ഉദ്യോഗസ്ഥ തല വീഴ്ച ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!